ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവ് പ്രതിസന്ധിയിലാക്കിയ വ്യോമയാന മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ നടപടി. 10,000 കോടി രൂപയുടെ ധന സഹായത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
വിമാന കമ്പനികള്‍ക്ക് ഇന്ധന വില സ്ഥിരത നല്‍കുന്നതിനായി എണ്ണ വിപണന കമ്പനികള്‍ക്ക് 10,000 കോടി രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇതോടെ ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവ് വരുത്താതെ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനാകും. ഇത് യാത്രക്കാര്‍ക്കും ആശ്വാസമാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ വിലക്കുമാണ് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കിയതെന്ന് എയര്‍ലൈന്‍സുകള്‍ക്ക് ഈ സാമ്പത്തിക പിന്തുണ പ്രഖ്യാപനത്തിനിടെ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
എണ്ണ കമ്പനികള്‍ക്ക് പലിശ രഹിത സഹായമായാണ് 10,000 കോടി നല്‍കുന്നത്. വിമാന കമ്പനികള്‍ക്കുണ്ടാവുന്ന വലിയ നഷ്ടം കുറയ്ക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ഈ വര്‍ഷം മാര്‍ച്ചില്‍ ലിറ്ററിന് 60.50 രൂപയായിരുന്ന ഇന്ധനത്തിന് മെയ് മാസത്തില്‍ 142 രൂപയിലെത്തിയിരുന്നു. ഇതോടെ പല വിമാന കമ്പനികളും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.