'ധവളപത്രം ഉമ്മാക്കിയല്ല; എല്‍ഡിഎഫ് സര്‍ക്കാറിന് നേരെ പിടിച്ച കണ്ണാടി': പിണറായിക്ക് മറുപടിയുമായി സതീശന്‍

'ധവളപത്രം ഉമ്മാക്കിയല്ല;  എല്‍ഡിഎഫ് സര്‍ക്കാറിന് നേരെ പിടിച്ച കണ്ണാടി': പിണറായിക്ക് മറുപടിയുമായി സതീശന്‍

തിരുവനന്തപുരം: ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മുന്നറിയിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ധവളപത്രം എന്നത് ഉമ്മാക്കിയല്ലെന്നും നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടിയാണെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം ഭരിച്ച ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക മിസ്മാനേജ്‌മെന്റിന്റെ കൂടി കണ്ണാടിയാണിതെന്നും ഇടക്ക് അതില്‍ ഒന്ന് നോക്കണമെന്നും നിയമസഭയില്‍ ധവളപത്രത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി പറയവേ അദേഹം ആവശ്യപ്പെട്ടു.

'ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട എന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞു. ഞാന്‍ അങ്ങയോട് വളരെ വിനയത്തോടെ പറയട്ടെ, ഈ ധവളപത്രം എന്നത് ഉമ്മാക്കിയല്ല, നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടിയാണ്. പത്ത് കൊല്ലത്തെ സാമ്പത്തിക മിസ്മാനേജ്‌മെന്റിന്റെ കൂടി കണ്ണാടിയാണ്. ഞങ്ങളാരെയും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താറില്ല. നിങ്ങള്‍ ഇടയ്ക്ക് ആ കണ്ണാടി ഒന്ന് നോക്കണം'-വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ അറിയിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ 'ഉമ്മാക്കി' പ്രയോഗം. സംസ്ഥാനത്തെ തന്നെ വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്രത്തില്‍ നിന്ന് എന്തുകിട്ടി, ഇപ്പോള്‍ എന്തു കിട്ടുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ അതിലുണ്ടാകും.

കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന പേപ്പറായിരിക്കും അതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് ധവളപത്രം എന്ന ഉമ്മാക്കി കാട്ടി വായ അടപ്പിക്കാന്‍ നോക്കേണ്ടെന്നും ധവളപത്രം വരട്ടെ, അപ്പോള്‍ കാണാമെന്നും അപ്പോള്‍ പറയാനുള്ളത് പറയാമെന്നും പിണറായി പ്രതികരിച്ചത്.

5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു.

മെയ് മാസത്തില്‍ ട്രഷറിയില്‍ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16 ന് ട്രഷറിയില്‍ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണ്.

കിഫ്ബി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തയാളാണ് ഞാന്‍. കിഫ്ബി വായ്പ പലിശ നിരക്ക് കേട്ടാല്‍ തല കറങ്ങും. സംസ്ഥാനത്തിന്റെ ഗ്യാരന്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി കിഫ്ബിക്ക് ബന്ധം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.