ഒരു വര്‍ഷത്തിനുള്ളില്‍ ആണവായുധ ശേഖരത്തില്‍ കൂടുതല്‍ കരുത്തരായി ഇന്ത്യ; പാകിസ്ഥാനേക്കാള്‍ ഏറെ മുന്നില്‍

ഒരു വര്‍ഷത്തിനുള്ളില്‍ ആണവായുധ ശേഖരത്തില്‍ കൂടുതല്‍ കരുത്തരായി ഇന്ത്യ; പാകിസ്ഥാനേക്കാള്‍ ഏറെ മുന്നില്‍

ന്യൂഡല്‍ഹി: ആണുവായുധങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യ. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനെക്കാള്‍ വളരെ മുന്നിലെത്തിയെന്ന് അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ട്.

'സിപ്രി ഇയര്‍ബുക്ക് 2026' ലാണ് ആണവായുധശേഖരം ഇന്ത്യ വര്‍ധിപ്പിച്ചതായി വ്യക്തമാക്കുന്നത്. വര്‍ധിച്ചുവരുന്ന ആണവ അപകട സാധ്യതകളെയും ആഗോള ആയുധശേഖര വ്യാപനത്തെയും കുറിച്ച് സിപ്രി മുന്നറിയിപ്പും നല്‍കുന്നുണ്ട്.

2025 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 180 ആണവായുധങ്ങളായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. 2026 ല്‍ അത് 190 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഇന്ത്യ 10 ആണവ പോര്‍മുനകള്‍ കൂടി ആയുധ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തതായാണ് സിപ്രി വ്യക്തമാക്കുന്നത്.

അയല്‍രാജ്യമായ പാകിസ്ഥാന്റെ ആണവായുധ പോര്‍മുനകളേക്കാള്‍ 20 എണ്ണം ഇന്ത്യയ്ക്ക് അധികമായുണ്ട്. കഴിഞ്ഞ കാലയളവില്‍ പാകിസ്ഥാന്‍ ആണവായുധ ശേഷിയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 170 ആണവ പോര്‍മുനകളാണ് ഇപ്പോള്‍ പാകിസ്ഥാന്റെ കയ്യിലുള്ളത്.

എന്നാല്‍ പാകിസ്ഥാന്‍ പുതിയ വിതരണ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ഫിസൈല്‍ മെറ്റീരിയല്‍ ശേഖരിക്കുകയും ചെയ്തു കഴിഞ്ഞതായും ഉടനെ തന്നെ ആണവായുധ ശേഖരം വിപുലീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ദീര്‍ഘകാലമായി ഇന്ത്യയും പാകിസ്ഥാനുമായി തുടരുന്ന തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ചൈനയിലെ ഏത് ലക്ഷ്യ സ്ഥാനത്തേക്കും എത്തിക്കാവുന്ന ആയുധങ്ങള്‍ ഇന്ത്യ വികസിപ്പിച്ചെടുക്കുകയാണ്. ഒരൊറ്റ മിസൈലില്‍ ഒന്നിലധികം ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളിലേക്കും ഇന്ത്യ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

യുദ്ധമില്ലാത്ത സമയത്ത് പോലും മിസൈലുകളില്‍ ഘടിപ്പിച്ച ചെറിയ അളവിലുള്ള ആണവായുധങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇപ്പോള്‍ കഴിഞ്ഞേക്കുമെന്നുമാണ് ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍.

ആഗോളതലത്തില്‍ ഒമ്പത് രാജ്യങ്ങളിലായി 12,187 ആണവായുധങ്ങളാണുള്ളത്. ഇതില്‍ 9,745 എണ്ണവും സജീവമായി പ്രയോഗിക്കാവുന്ന രീതിയില്‍ സൂക്ഷിച്ചിരിക്കുന്നവയാണ്. ആഗോള ആണവ ശേഖരത്തിന്റെ ഭൂരിഭാഗവും റഷ്യയുടെയും (5,420) അമേരിക്കയുടെയും (5,042) പക്കലാണ്. 600 ല്‍ നിന്ന് 620 ആയി ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ച ചൈനയ്ക്കാണ് മൂന്നാം സ്ഥാനം.

2030ഓടെ ചൈനയുടെ ആയുധശേഖരം ആയിരം കടക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബ്രിട്ടന്‍ (225), ഫ്രാന്‍സ് (290) എന്നീ രാജ്യങ്ങളും ആണാവായുധ ശേഖരത്തില്‍ തൊട്ടു പിന്നിലുണ്ട്. പല രാജ്യങ്ങളും ആണവായുധങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളില്‍ നിന്നും സ്വയം ഒഴിവാകുന്നതായും തങ്ങളുടെ പ്രതിരോധത്തിനായി ആണവായുധങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതായും സിപ്രി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.