'അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്നു': ഇറാന്റെ പുതിയ ആക്രമണ ലക്ഷ്യങ്ങളില്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനികളും

'അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്നു': ഇറാന്റെ പുതിയ ആക്രമണ ലക്ഷ്യങ്ങളില്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനികളും

ടെഹ്റാന്‍: തങ്ങള്‍ക്കെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനികളെ ഇറാന്‍ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്, സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങളാണ് ഇറാന്റെ ആക്രമണ ലിസ്റ്റിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇറാനുമായി ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്. മിഡില്‍ ഈസ്റ്റിലും ഇസ്രയേലിലുമുള്ള മസ്‌കിന്റെ സാമ്പത്തിക സ്രോതസുകള്‍ മുഴുവനായും പുതിയ ലക്ഷ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേല്‍, ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലുള്ള സ്റ്റാര്‍ലിങ്ക് ഗ്രൗണ്ട് സ്റ്റേഷനുകളും സ്പേസ് എക്സുമായി ബന്ധപ്പെട്ട നിക്ഷേപ സൗകര്യങ്ങളും ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടികളില്‍ സ്റ്റാര്‍ലിങ്ക് സാങ്കേതിക വിദ്യയും മസ്‌കുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളും ഉപയോഗിക്കപ്പെടുന്നുവെന്നാണ് ഇറാന്റെ ആരോപണം.

തെക്കന്‍ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇത്തരം സംവിധാനങ്ങളുടെ സഹായമുണ്ടായിരുന്നുവെന്നും ഇറാന്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് മസ്‌കിന്റെ സ്ഥാപനങ്ങളെ ആക്രമണ ലക്ഷ്യങ്ങളായി പരിഗണിക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം സൈനിക രംഗത്ത് സ്റ്റാര്‍ലിങ്കിന്റെ പ്രാധാന്യം വര്‍ധിച്ചിരുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് യുദ്ധഭൂമികളില്‍ ആശയ വിനിമയത്തിനും ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിച്ച സാഹചര്യത്തില്‍ സ്വകാര്യ സാങ്കേതിക കമ്പനികളുടെ പങ്ക് ലോക രാഷ്ട്രീയത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ഇറാനില്‍ മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്കും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കുമിടയില്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിച്ച് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതും ശ്രദ്ധേയമാണ്. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളുടെ ഉപയോഗം തടയാന്‍ ഇറാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇറാന്റെ മുന്നറിയിപ്പിനെക്കുറിച്ച് ഇലോണ്‍ മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ ഇറാനുമായി സമാധാന കരാറിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം ഇറാന്‍ തള്ളിക്കളഞ്ഞു. സമാധാന കരാറില്‍ എത്തിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസ്-ഇറാന്‍ കരാറിന് പ്രാദേശിക രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.