ഫൊക്കാനയ്ക്ക് പുതിയ മുഖം; നഷ്ടപ്രതാപം തിരികെപ്പിടിച്ച് സജിമോന്‍ ആന്റണി 'മോഡല്‍'

ഫൊക്കാനയ്ക്ക് പുതിയ മുഖം; നഷ്ടപ്രതാപം തിരികെപ്പിടിച്ച് സജിമോന്‍ ആന്റണി 'മോഡല്‍'

അമേരിക്കന്‍ മലയാളികളുടെ ആദ്യ ഫെഡറേഷനും അഭിമാനവുമായ ഫൊക്കാനയെ (FOKANA) പഴയ പ്രതാപത്തിലേക്ക് തിരികെ നയിക്കുകയാണ് അനുഭവസമ്പന്നനായ പ്രസിഡന്റ് സജിമോന്‍ ആന്റണി. കേവലം രണ്ട് വര്‍ഷത്തെ ചുരുങ്ങിയ ഭരണകാലയളവ് കൊണ്ട്, സംഘടനയെ 110 അംഗ സംഘടനകളുള്ള ഒരു വന്‍ പ്രസ്ഥാനമാക്കി മാറ്റാന്‍ അദേഹത്തിന്റെ ഇച്ഛാശക്തിക്കും കഠിനാധ്വാനത്തിനും സാധിച്ചു. വെറുമൊരു ഭരണാധികാരി എന്നതിനപ്പുറം ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ചുകൊണ്ട് ഫൊക്കാനയെ ഒരു 'വേള്‍ഡ് വൈഡ് ബ്രാന്‍ഡ്' ആക്കി മാറ്റിയിരിക്കുകയാണ് സജിമോന്‍ ആന്റണി.

പ്രഖ്യാപനങ്ങളല്ല, പ്രവൃത്തിപഥത്തിലെത്തിയ ജനകീയ പ്രോജക്ടുകള്‍

സാധാരണയായി പുതിയ നേതൃത്വം വരുമ്പോള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും കടലാസില്‍ ഒതുങ്ങാറാണ് പതിവ്. എന്നാല്‍ സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിക്കൊണ്ട് സംഘടനയ്ക്ക് ഒരു പുതിയ മാതൃക സമ്മാനിച്ചു. സാധാരണക്കാരായ അംഗങ്ങളുമായി നേരിട്ട് ബന്ധമുള്ള വിപ്ലവകരമായ പദ്ധതികളാണ് ഇവര്‍ ആവിഷ്‌കരിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്. കേരളത്തിലെ പ്രമുഖ ആശുപത്രികളായ കൊച്ചി രാജഗിരി, പാലാ മെഡിസിറ്റി, കോട്ടയം കാരിത്താസ്, തിരുവല്ല ബിലീവേഴ്സ്, തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ എന്നിവയുമായി സഹകരിച്ചുള്ള ഈ പദ്ധതി വഴി അമേരിക്കന്‍-കനേഡിയന്‍ മലയാളികള്‍ക്ക് മാത്രമല്ല, നാട്ടിലുള്ള അവരുടെ ബന്ധുക്കള്‍ക്കും ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.


കൂടാതെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ 10 മുതല്‍ 15 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന ഫൊക്കാന പ്രിവിലേജ് കാര്‍ഡ് വഴി ഒരു കുടുംബത്തിന് 3000 രൂപ മുതല്‍ 98,000 രൂപ വരെ ലാഭിക്കാനും കഴിയുന്നുണ്ട്. സന്ദര്‍ശക വിസയില്‍ അമേരിക്കയിലെത്തുന്ന മാതാപിതാക്കളുടെ അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ന്യൂജേഴ്സിയിലും ബോസ്റ്റണിലും ഇതിനകം ഹെല്‍ത്ത് ക്ലിനിക്കുകളും ആരംഭിച്ചു. ന്യൂയോര്‍ക്ക്, ഡാളസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ ക്ലിനിക്കുകള്‍ക്ക് പിന്നില്‍ വോളണ്ടിയര്‍ ഡോക്ടര്‍മാരുടെ വലിയൊരു നിര തന്നെയുണ്ട്.

നിയമ സഹായം, ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ്, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം, തൊഴില്‍ നെറ്റ്വര്‍ക്കിങ് എന്നിവ ഒരൊറ്റ ഫോണ്‍ കോളില്‍ ലഭ്യമാക്കുന്ന '1-800 ഹെല്‍പ്പ്ലൈന്‍ നമ്പര്‍' സംവിധാനവും ഉടന്‍ പ്രാബല്യത്തില്‍ വരും.


മാതൃനാടിനായുള്ള സമര്‍പ്പണവും ശാക്തീകരണവും

അമേരിക്കന്‍ മലയാളികളുടെ ക്ഷേമം നോക്കുന്നതിനൊപ്പം മാതൃനാടായ കേരളത്തെയും ഫൊക്കാന നെഞ്ചോട് ചേര്‍ക്കുന്നു. കേരളത്തില്‍ വര്‍ഷം തോറും 1280 ഓളം പേര്‍ മുങ്ങിമരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമറിഞ്ഞ്, അന്താരാഷ്ട്ര നീന്തല്‍ താരം എസ്.പി മുരളീധരനുമായി ചേര്‍ന്ന് സ്വിം കേരള സ്വിം എന്ന പദ്ധതിക്ക് രൂപം നല്‍കി. കേരളത്തിലുടനീളം നീന്തല്‍ പരിശീലനവും ബോധവല്‍ക്കരണ ക്ലാസുകളും ഇതിന്റെ ഭാഗമായി നല്‍കി വരുന്നു. നിര്‍ധനര്‍ക്കായി 15 മുതല്‍ 20 വരെ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഭവനം പദ്ധതിയാണ് മറ്റൊന്ന്. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വീടുകള്‍ ഉയരുന്നത്. ഇതിന്റെ ധനശേഖരണാര്‍ത്ഥം ചലച്ചിത്രനടി അനു സിത്താരയുടെ നേതൃത്വത്തില്‍ ആറ് റീജിയനുകളിലായി ഫൊക്കാന സിനി ഷോ 2026 വിജയകരമായി നടത്തിയിരുന്നു.

സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിലും ഈ ഭരണസമിതി ഏറെ മുന്നിലാണ്. രേവതി പിള്ള ചെയര്‍പേഴ്സണായുള്ള ഫൊക്കാന വുമണ്‍സ് ഫോറം വഴി നിര്‍ധനരായ 26 കുട്ടികള്‍ക്ക് 50000 രൂപ വീതം വിദ്യാഭ്യാസ ധനസഹായം നല്‍കി. നൂറിലധികം യുവാക്കള്‍ സജീവമായിട്ടുള്ള യൂത്ത് വിങ് വഴി എ.ഐ ഉള്‍പ്പെടെയുള്ള ആധുനിക വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. കൂടാതെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ ക്ലബുകള്‍ രൂപീകരിച്ച് ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ മികച്ച കോച്ചിങ് ക്ലാസുകളും നല്‍കി വരുന്നുണ്ട്.

പ്രവാസി പ്രശ്‌നങ്ങളിലെ ശക്തമായ ഇടപെടലുകള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി വളരെ ശക്തവും ഊഷ്മളവുമായ ബന്ധമാണ് ഫൊക്കാന ഇപ്പോള്‍ പുലര്‍ത്തുന്നത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് സര്‍വീസിനായുള്ള ശ്രമങ്ങളും ഒ.സി.ഐ വെബ്സൈറ്റുകള്‍ എന്‍.ആര്‍.ഐ സൗഹൃദമാക്കാനുമുള്ള ഇടപെടലുകളും തുടരുകയാണ്. കേരളത്തിലെ അടഞ്ഞുകിടക്കുന്ന പ്രവാസികളുടെ വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രൊപ്പോസല്‍ ഗവണ്‍മെന്റിനെക്കൊണ്ട് റദ്ദാക്കിച്ചത് ഫൊക്കാനയുടെ ശക്തമായ ശബ്ദമാണ്. കൂടാതെ നാട്ടിലെ പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ എന്‍.ആര്‍.ഐകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വലിയ നികുതി വ്യത്യാസം (ടാക്‌സ് ഡിസ്പാരിറ്റി) ഒഴിവാക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഓണ്‍ലൈന്‍ വഴി നിവേദനവും സമര്‍പ്പിച്ചു.

ഗിന്നസ് റെക്കോര്‍ഡിലേക്ക് 21-ാമത് ഫൊക്കാന കണ്‍വെന്‍ഷന്‍


2026 ഓഗസ്റ്റ് എട്ടിന് പെന്‍സില്‍വേനിയയിലെ പോക്കണോസ് മലനിരകള്‍ക്ക് താഴെയുള്ള കാലഹാരി റിസോര്‍ട്സില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഫൊക്കാന രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. 600 ല്‍ അധികം ചെണ്ട വിദ്വാന്മാര്‍ അണിനിരക്കുന്ന പഞ്ചാരി മേളവും 1100 മോഹിനിയാട്ട കലാകാരികള്‍ ഒന്നിക്കുന്ന നൃത്തവിരുന്നുമാണ് കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണം.

ഇന്ത്യന്‍ ഉപരാഷ്ട്രപതി, കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, ന്യൂജേഴ്സി ഗവര്‍ണര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന പ്രോജക്ടിന്റെ ഫണ്ട് റെയ്സിങ് ഷോയും അരങ്ങേറും. കണ്‍വെന്‍ഷന് എട്ട് മാസം മുമ്പ് തന്നെ രജിസ്ട്രേഷന്‍ പൂര്‍ണമായി ക്ലോസ് ചെയ്തിരുന്നു. 3700 പേരുടെ പങ്കാളിത്തം ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തില്‍ 4000 മുതല്‍ 5000 വരെ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനി അവാര്‍ഡ് നൈറ്റ്, സാഹിത്യ അവാര്‍ഡ്, മീഡിയ സെമിനാര്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും.

സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിലേക്ക് മികച്ച കാഴ്ചപ്പാടുള്ളവര്‍ വരണമെന്നാണ് സജിമോന്‍ ആന്റണിക്ക് പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു നല്ല പ്രവര്‍ത്തന മാതൃക ഇവിടെ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അദേഹം വ്യക്തമാക്കുന്നു.

ലോക മലയാളി സംഘടന ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന് തിരിതെളിയാന്‍ ഇനി ഒന്നര മാസത്തെ കാത്തിരിപ്പ് മാത്രം. 1800 ഓളം പ്രതിഭകള്‍ ഒന്നിച്ച് അണിനിരക്കുന്ന ഈ മാസ്മരിക വിരുന്ന് അമേരിക്കന്‍ മലയാളികളുടെ ചരിത്ര കൂട്ടായ്മയായി മാറും എന്നതില്‍ തര്‍ക്കമില്ല. ഭാവിയില്‍ ഫൊക്കാനയുടെ ചരിത്രം വിലയിരുത്തപ്പെടുക 'സജിമോന്‍ ആന്റണിക്ക് മുന്‍പും സജിമോന്‍ ആന്റണിക്ക് ശേഷവും' എന്ന രീതിയിലായിരിക്കും എന്ന പ്രവാസി മലയാളി സമൂഹത്തിന്റെ സംസാരം അടിവരയിടുന്നത് ഈ നേതൃത്വത്തിന്റെ കഠിനാധ്വാനത്തിന് തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.