സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇ.ഡിയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം:   ഇ.ഡിയുടെ  ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുമായ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രധാനവാദം. ശിവശങ്കറില്‍ നിന്ന് അറിയാനുള്ള വിവരങ്ങള്‍ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇ.ഡി ആവശ്യപ്പെടുന്നത്.

കേസില്‍ എം ശിവശങ്കര്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 28 നാണ് എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.