എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ അമ്പത്തിരണ്ടുകാരി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ അമ്പത്തിരണ്ടുകാരി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ അമ്പത്തിരണ്ടുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്.

പനിക്ക് ചികിത്സയ്ക്കായി ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവര്‍. പരിശോധനയില്‍ സംശയം തോന്നിയതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എബോള രോഗത്തിനുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ല. ഇന്നലത്തെ അപേക്ഷിച്ച് പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മാരകമായ അണുബാധയ്ക്ക് കാരണമായേക്കാവുന്ന ഒരു വൈറസ് രോഗമാണ് എബോള. പഴംതീനി വവ്വാലുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകര്‍. രോഗ ബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പേശിവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ ആന്തരികാവയവങ്ങളുടെ തകരാറും രക്തസ്രാവവും ഉണ്ടാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.