ഡോ.കെ.സി ജോസഫിന് സീറ്റില്ല; തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന ആന്റണി രാജുവിനെ പുറത്താക്കാന്‍ നീക്കം

ഡോ.കെ.സി ജോസഫിന് സീറ്റില്ല; തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്ന ആന്റണി രാജുവിനെ പുറത്താക്കാന്‍ നീക്കം

തിരുവനന്തപുരം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.സി ജോസഫിന് സീറ്റ് നല്‍കാതെ മുതിര്‍ന്ന നേതാവ് ആന്റണി രാജുവിന് മത്സരിക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ നല്‍കിയ സിപിഎം നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിക്ഷേധം.

ഡോ. കെ.സി ജോസഫിന്റെ സ്ഥിരം മണ്ഡലമായ കുട്ടനാട് വേണമെന്നാണ് സീറ്റു ചര്‍ച്ചയുടെ തുടക്കം മുതല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. കുട്ടനാട് ഇല്ലങ്കില്‍ ചങ്ങനാശേരി. ഇത് രണ്ടും തരില്ലെന്ന സിപിഎം നിലപാടില്‍ പാര്‍ട്ടിയില്‍ പ്രതിക്ഷേധമുയരുമ്പോഴാണ് നേതൃത്വവുമായി കാര്യമായ കൂടിയാലോചന നടത്താതെ ആന്റണി രാജുവിന് തിരുവനന്തപുരം സെന്‍ട്രല്‍ സിപിഎം ഓഫര്‍ ചെയ്തിരിക്കുന്നത്.

ഇത് പാര്‍ട്ടി ബാനറിലല്ലെന്ന ആരോപണമാണ് കെ.സി ജോസഫും കൂട്ടരും ഉന്നയിക്കുന്നത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനാണ് തിരുവനന്തപുരം സീറ്റ് നല്‍കിയിരിക്കുന്നതെന്നും ഈ സീറ്റില്‍ കെ.സി ജോസഫ് മത്സരിച്ചാലും പിന്തുണയ്ക്കാന്‍ സിപിഎം ഒരുക്കമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞെങ്കിലും കെ.സി വഴങ്ങിയില്ല. എന്നാല്‍ ചങ്ങനാശേരിയോ കുട്ടനാടോ ഒന്നാം സീറ്റായി ആവശ്യപ്പെടുകയാണെന്നും പാര്‍ട്ടിയുടെ രണ്ടാം സീറ്റ് മാത്രമാണ് തിരുവനന്തപുരം എന്നുമാണ് കെ.സി ജോസഫ് പറയുന്നത്.

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ആന്റണി രാജൂ സിപിമ്മുമായി ധാരണ ഉണ്ടാക്കി എന്നാണ് കെ സി ജോസഫിന്റെയും കൂട്ടരുടെയും ആരോപണം. അതിനാല്‍ ആന്റണി രാജുവിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തീരുമാനം. ഭാവി നടപടികള്‍ തീരുമാനിക്കാന്‍ ഡോ. കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ ഇന്ന് കോട്ടയത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്.

പുറത്താക്കല്‍ തീരുമാനം ഇന്നോ നാളെയോ ഡോ. കെ സി ജോസഫ് പ്രഖ്യാപിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ തവണ ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശേരി, തിരുവനന്തപുരം സീറ്റുകളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പാര്‍ട്ടിയ്ക്കായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.