തിരുവനന്തപുരം: കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവര്‍ക്ക് ഇന്നും നാളെയും നിര്‍ണായകം. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ തുടങ്ങുകയാണ്.
സിപിഎം സംസ്ഥാന സമിതി ആദ്യഘട്ടത്തില്‍ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശകളും ഇന്ന് ചേരുന്ന സെക്രട്ടേറിയേറ്റ് പരിശോധിക്കും. പല പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
എച്ച്.കെ പാട്ടീല്‍ അധ്യക്ഷനായ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ചര്‍ച്ച നാളെയും തുടരും. പിന്നീട് പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.
കോണ്‍ഗ്രസ് മല്‍സരിക്കുന്ന 92 സീറ്റുകളിലേക്കുള്ള പട്ടികക്കായിരിക്കും രൂപം നല്‍കുക. 21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. കേരളത്തില്‍ നടന്ന സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് പേര്‍ വരെ അടങ്ങുന്ന ചുരുക്കപ്പട്ടികയാണ് ഒരോ മണ്ഡലത്തിലേക്കും തയ്യാറാക്കിയിരിക്കുന്നത്.
പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും, യുവാക്കള്‍ക്കും അവസരം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം. അതിനാല്‍ ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെയും പരീക്ഷിച്ചേക്കാം. അറുപത് ശതമാനത്തോളം പുതുമുഖങ്ങളായിരിക്കും മത്സരിക്കാനിറങ്ങുകയെന്ന് നേരത്തെ എച്ച്.കെ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മില്‍ പല മണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്. പാലക്കാട് തരൂരില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയുടെ പേരിനോട് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് പോസ്റ്റര്‍ പ്രതിഷേധങ്ങളും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തരൂരില്‍ ജമീലയുടെ പേര് വെട്ടി ഡിവൈഎഫ്ഐ നേതാവ് പി.പി സുമോദിന്റെ പേരാണ് നിര്‍ദേശിച്ചത്.
കോങ്ങാട് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. ശാന്തകുമാരിയുടെ പേരും ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. അരുവിക്കര, പൊന്നാനി, ഒറ്റപ്പാലം, കൊയിലാണ്ടി, കളമശേരി തുടങ്ങിയവയാണ് തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് പ്രധാന സീറ്റുകള്‍. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നല്‍കി ബുധനാഴ്ചയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം.
റാന്നി, ചാലക്കുടി അടക്കം ഉറച്ച സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭഗത്തിന് നല്‍കുന്നതിലും എതിര്‍പ്പ് നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് പല പ്രമുഖ നേതാക്കളും ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ബിജെപിയും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനുള്ള തെരക്കിട്ട ചര്‍ച്ചകളിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.