കുട്ടനാട്ടിൽ പൂഞ്ഞാർ ആവർത്തിക്കുമോ

കുട്ടനാട്ടിൽ പൂഞ്ഞാർ ആവർത്തിക്കുമോ

കാവാലം :   ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻ കുട്ടനാട് എംഎൽഎയുമായ ഡോ കെ സി ജോസഫിന് സീറ്റ് നൽകാനാവില്ലെന്ന് ഇടത് മുന്നണി അറിയിച്ചതായി ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു.  സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ഡോ  കെ സി ജോസഫ് അറിയിച്ചു.

തങ്ങളുടെ നേതാവിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യം സംജാതമായാൽ ഡോ  കെ സി ജോസഫിനെ  സ്വതന്ത്ര സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ തന്നെ മത്സരിപ്പിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി രഹസ്യ യോഗം ചേർന്ന് തീരുമാനിച്ചതായി അറിയുന്നു.  മാർച്ച് 10ന് മുൻപ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഡോ കെ സി ജോസഫിന്റെ സ്ഥാനാർത്ഥിത്വം മാർച്ച് 11 ന്  പ്രഖ്യാപിക്കുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.

2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച ഡോ  കെ സി ജോസഫ് 1400 വോട്ടുകൾക്കാണ് സി എഫ് തോമസിനോട് പരാജയപ്പെട്ടത്.  ഇത്തവണ ചങ്ങനാശ്ശേരിയിലും കുട്ടനാട്ടിലും ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയായി ഇടത് മുന്നണി തന്നെ പരിഗണിച്ചിരുന്നത് ഡോ  കെ സി ജോസഫിനെയാണ്. 

ആധുനിക കുട്ടനാടിന്റെ വികസന ശില്പി എന്നറിയപ്പെടുന്ന ഡോ  കെ സി ജോസഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ മത്സരിച്ചാൽ ഇരു മുന്നണികളുടെയും വിജയസാധ്യതകളെ അത് ബാധിക്കും എന്ന്  മാത്രമല്ല, മറ്റൊരു പൂഞ്ഞാർ ഇവിടെയും ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. ബി ജെ പി യുടെയും ചങ്ങനാശ്ശേരി അതിരൂപതയുടെയും പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നും ഡോ കെ സി ജോസഫ് 5000 ൽ പരം വോട്ടുകൾക്ക് കുട്ടനാട്ടിൽ ജയിക്കുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം ഭാരവാഹികൾ അവകാശപ്പെടുന്നു.

കേരള കോൺഗ്രസിൽ  (ജോസഫ് വിഭാഗം) ചേർന്നാൽ  ഡോ  കെ സി ജോസഫിനെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കാൻ പി ജെ ജോസഫിന് താത്പര്യമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അഡ്വ ജേക്കബ് എബ്രഹാം ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാകുമെന്ന്  ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.