പടിവാതില്‍ക്കല്‍ ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍; മുന്നോടിയായി ട്രംപ് അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

പടിവാതില്‍ക്കല്‍ ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍; മുന്നോടിയായി ട്രംപ് അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി വ്യാപാരക്കരാര്‍ അന്തിമ ഘട്ടത്തിലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയരും. അടുത്ത വര്‍ഷം ആദ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റൂബിയോ വ്യക്തമാക്കി.

പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗിക ഒരുക്കങ്ങള്‍ക്കായി താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. വ്യാപാരക്കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകളുടെ അവസാന നിമിഷങ്ങളിലാണ് തങ്ങള്‍. ഇത് വളരെ പോസിറ്റീവായ കാര്യമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നതെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

ട്രംപിന്റെ സന്ദര്‍ശനം അടുത്ത വര്‍ഷത്തേക്ക് മാറിയതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടി നീണ്ടുപോയേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ക്വാഡ് കൂട്ടായ്മയില്‍ ഇരു രാജ്യങ്ങളും അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ക്വാഡ് നേതാക്കളുടെ യോഗം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂബിയോ കൂട്ടിചേര്‍ത്തു.

ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും അദേഹം വിലയിരുത്തി. നരേന്ദ്ര മോഡിയെ മികച്ച നേതാവെന്ന് വിശേഷിപ്പിച്ച ട്രംപ്, 2020 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അഹമ്മദാബാദില്‍ തനിക്ക് ലഭിച്ച നമസ്‌തേ ട്രംപ് സ്വീകരണത്തെയും ഏറെ താല്‍പര്യത്തോടെയാണ് ഓര്‍ത്തെടുത്തത്. ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന സഖ്യകക്ഷിയായാണ് ട്രംപ് ഭരണകൂടം കാണുന്നതെന്നും മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.