രണ്ട് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുള്‍പ്പെടെ പുതുപദ്ധതികളുമായി ന്യൂ സ്‌പേസ്

രണ്ട് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുള്‍പ്പെടെ പുതുപദ്ധതികളുമായി ന്യൂ സ്‌പേസ്

ബെംഗളൂരു: ബഹിരാകാശരംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പുതുപദ്ധതികളുമായി ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യസേവന വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്(എന്‍.എസ്.ഐ.എല്‍).ആമസോണിയ-ഒന്നിന്റെ വിജയകരമായ വിക്ഷേപണം സാക്ഷാത്കരിച്ചതിന് പിന്നാലെയാണ് ഈ പുതുപദ്ധതി.

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനമായി 2019 മാര്‍ച്ചിലാണ് എന്‍.എസ്.ഐ.എല്‍. രൂപവത്കരിച്ചത്. രണ്ട് വര്‍ഷംകൊണ്ട് നാല് പി.എസ്.എല്‍.വി. ദൗത്യങ്ങളിലായി ആമസോണിയ-ഒന്ന് ഉള്‍പ്പെടെ 45 ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി. ആദ്യവര്‍ഷം 300 കോടി രൂപയുടെയും കഴിഞ്ഞവര്‍ഷം 400 കോടി രൂപയുടെയും വരുമാനമുണ്ടായി. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 10,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും എന്‍.എസ്.ഐ.എല്‍. ചെയര്‍മാന്‍ ജി. നാരായണന്‍ അറിയിച്ചു.

അതേസമയം ഐ.എസ്.ആര്‍.ഒ. നിര്‍മിക്കുന്ന രണ്ട് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് വിക്ഷേപണത്തിനൊരുക്കാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് എന്‍.എസ്.ഐ.എല്‍. ചെയര്‍മാന്‍ ജി. നാരായണന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബഹിരാകാശവകുപ്പുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതില്‍ ഒരെണ്ണം ഡി.ടി.എച്ച്. വഴിയുള്ള വാര്‍ത്താവിതരണരംഗത്തെ സഹായിക്കുന്നതാണ്. മറ്റൊന്ന് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. ഈ വര്‍ഷം തന്നെ ഇതില്‍ അന്തിമ തീരുമാനമുണ്ടാകും.

ഇന്ത്യയിലെ വ്യവസായമേഖലയുമായി ചേര്‍ന്ന് ഒരു ഉപഗ്രഹവിക്ഷേപണ റോക്കറ്റ് നിര്‍മിക്കാന്‍(പി.എസ്.എല്‍.വി) പദ്ധതിയുണ്ടെന്നും ജി. നാരായണന്‍ പറഞ്ഞു. ഇതിന്റെ പങ്കാളിത്തം ഏറ്റെടുക്കാനുള്ള വ്യവസായസ്ഥാപനത്തെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി. അഞ്ച് കമ്പനികളില്‍ നിന്ന് ഇതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പി.എസ്.എല്‍.വി.യില്‍ നിന്ന് ആദ്യമായി ഉപഗ്രഹവിക്ഷേപണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശസൗകര്യങ്ങള്‍ വികസിപ്പിച്ചശേഷം ആവശ്യക്കാര്‍ക്ക് നല്‍കുന്ന നിലവിലെ രീതിക്കുപകരം ആവശ്യത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന രീതിയിലേക്ക് മാറുമെന്നും ജി. നാരായണന്‍ വ്യക്തമാക്കി.
വിദേശകമ്പനികള്‍ക്കുവേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണത്തിന്റെ നാല് കരാറുകള്‍ നിലവിലുണ്ടെന്നും ജി. നാരായണന്‍ പറഞ്ഞു. ഇവയുടെ വിക്ഷേപണം ഉടനുണ്ടാകും. അതേസമയം, കരാറിന്റെ രഹസ്യ സ്വഭാവം നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.