തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ മാധ്യമ വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി പൊലീസിനെ സമീപിച്ചു. സംസ്ഥാന പോലീസ് മേധാവിക്കാണ് വിനോദിനി പരാതി നല്‍കിയത്. സന്തോഷ് ഈപ്പന്‍ കൈമാറിയ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണെന്നും ഇതിന്റെ ബില്ല് തന്റെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു. വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ വീട്ടില്‍ ആരുടേയും കൈവശമില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വിനോദിനി പരാതിയില്‍ പറയുന്നു.
കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും, എന്നാല്‍ നോട്ടീസ് ലഭിക്കാത്തതിനാല്‍ അവരെ സമീപിക്കാനാകില്ലെന്നും വിനോദിനി വ്യക്തമാക്കി. തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ. ആ നമ്പറാണോ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.വിനോദിനിയുടെ പരാതിയില്‍ തുടര്‍ അന്വേഷണത്തിനായി ഡി.ജി.പി പൊലീസ് സൈബര്‍ വിഭാഗത്തിന് കൈമാറി.
വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിന് പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അഞ്ച് ഐഫോണുകള്‍ നല്‍കിയിരുന്നു. അതിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിക്ക് നോട്ടീസ് നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിനോദിനി പൊലീസിനെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.