സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും 'തായ് മാമന്‍ തങ്ക മോതിരം'.
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ബജറ്റവതരണത്തിനിടെ ധനമന്ത്രി എന്‍. മരിയ വില്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനുള്ള അനുമതി നേരത്തെ തന്നെ സുപ്രീം കോടതി തമിഴ്‌നാടിന് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.
നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന. ഇത് കേരളവുമായി വീണ്ടും നിയമപരമായ ഏറ്റുമുട്ടലിന് വഴിയൊരുക്കും.
കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയങ്ങളില്‍ ഒന്നായ കാവേരിയില്‍ നിന്ന് അര്‍ഹമായ ജലം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം, കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹ സമ്മാനമായി സ്വര്‍ണവും സാരിയും തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വിധവകള്‍, നിരാലംബരായ സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 ശതമാനം സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ സൗജന്യമായി അഞ്ച് ആടുകളെ വിതരണം ചെയ്യും. ഇതിനായി 110 കോടി രൂപ വകയിരുത്തി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വര്‍ണ മോതിരം ലഭിക്കും. 'തായ് മാമന്‍ തങ്ക മോതിരം' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കായി 560 കോടി രൂപയാണ് വകയിരുത്തുന്നത്.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
സ്ത്രീകളുടെ വിവാഹത്തിന് 8 ഗ്രാം സ്വര്‍ണവും ഒരു പട്ടുസാരിയും ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം. 812 കോടി രൂപ അനുവദിച്ചു.
തമിഴ്‌നാട്ടിലുടനീളം ഘട്ടംഘട്ടമായി 1,000 മൊബൈല്‍ വയോജന ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 33 കോടി രൂപ വകയിരുത്തി.
ഗര്‍ഭിണികള്‍ക്കായി സൗജന്യ ഭക്ഷണം, ചികിത്സ, ആരോഗ്യ നിരീക്ഷണം എന്നിവ ലഭ്യമാക്കുന്ന 'തായ് കെയര്‍' മാതൃസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി 23 കോടി രൂപ.
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായും സര്‍ക്കാര്‍ ആശുപത്രികളുമായും ബന്ധിപ്പിക്കുന്നതിനായി 'ഹബ് ആന്‍ഡ് സ്പോക്ക്' ടെലിമെഡിസിന്‍ സംവിധാനം നടപ്പിലാക്കും. അഞ്ച് ഹബ്ബുകളുമായി ആരംഭിക്കുന്ന പദ്ധതിക്കായി 18.5 കോടി രൂപ അനുവദിച്ചു.
അഞ്ച് മേഖലാ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ സ്ഥാപിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 10 കോടി രൂപ മാറ്റിവച്ചു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ക്യാന്‍സര്‍ എന്നിവ ബാധിച്ച രോഗികള്‍ക്ക് മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കുന്നതിനായി 100 കോടി രൂപയുടെ അധിക തുക അനുവദിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ 'പെരുന്തലൈവര്‍ കാമരാജര്‍ പ്രഭാത ഭക്ഷണ പദ്ധതി' ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കൂടി ലഭ്യമാക്കി വിപുലീകരിച്ചു. 710 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 15,414 സ്‌കൂളുകളിലെ 15.14 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.