പട്ടികയ്ക്ക് ശേഷമുള്ള പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; സോണിയ ഗാന്ധി നേരിട്ട് ഇടപെടുന്നു

 പട്ടികയ്ക്ക് ശേഷമുള്ള  പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡിന്  അതൃപ്തി; സോണിയ ഗാന്ധി നേരിട്ട് ഇടപെടുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അമര്‍ഷം. വനിത പ്രാതിനിധ്യം കൂട്ടണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതിലും അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് സോണിയ നേരിട്ട് വിശദീകരണം ചോദിച്ചതായാണ് അറിയുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി 55 ശതമാനം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയുടെ പ്രഖ്യാപനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു എഐസിസി കണക്കുകൂട്ടല്‍. അതു കൊണ്ടാണ് എഐസിസി പട്ടിക പുറത്തിറക്കുക എന്ന പതിവ് മാറ്റി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഇത് പ്രഖ്യാപിക്കുക എന്ന നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ ഇതിനു പിന്നാലെയുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം പട്ടിക കൊണ്ട് നേടാമായിരുന്ന മുന്‍തൂക്കം ഇല്ലാതാക്കിയെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഏഴു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം വെട്ടിയും തിരുത്തിയും കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം പാര്‍ട്ടി കേന്ദ്ര നേതാക്കളെയും ഞെട്ടിച്ചു. വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് സോണിയ ഗാന്ധി തന്നെ നിര്‍ദ്ദേശം നല്കിയിരുന്നു.

പത്തു ശതമാനം വനിതകളുണ്ടെന്നും മുസ്ലിം ലീഗും ഇത്തവണ ഒരു വനിതയ്ക്ക് സീറ്റ് നല്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം പട്ടികയ്ക്ക് എഐസിസിയുടെ അംഗീകാരം വാങ്ങിയത്. ലതിക സുഭാഷിന്റെ ആവശ്യം എല്ലാ മുതിര്‍ന്ന നേതാക്കളുടെയും മുന്നില്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. സംസ്ഥാന നേതാക്കള്‍ ഇത് പറഞ്ഞു തീര്‍ക്കേണ്ടതായിരുന്നു എന്ന വികാരമാണ് ഹൈക്കമാന്‍ഡിനുള്ളത്.

വട്ടിയൂര്‍ക്കാവില്‍ പിസി വിഷ്ണുനാഥിനെതിരെ ഉള്‍പ്പടെ തര്‍ക്ക സീറ്റുകളില്‍ പരിഗണിക്കുന്നവര്‍ക്കെതിരെയും എഐസിസിയിലേക്ക് പരാതികള്‍ പോയിട്ടുണ്ട്. തര്‍ക്കങ്ങളെല്ലാം തീര്‍ത്ത് നാളെ രാവിലെയോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കാം എന്ന പ്രതീക്ഷയിലാണ് ്‌നേതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷമുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ എഐസിസി തന്നെ നേരിട്ട് ഇടപെട്ടേക്കും.

ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയ സാഹചര്യത്തില്‍ ലതിക സുഭാഷിന് അവര്‍ രണ്ടാമത് ആവശ്യപ്പെട്ട വൈപ്പിന്‍ സീറ്റ് നല്‍കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. യുത്ത് കോണ്‍ഗ്രസ് നേതാവ് ദീപക് ജോയി ആണ് കോണ്‍ഗ്രസ് പട്ടികയില്‍ വൈപ്പിനിലെ സ്ഥാനാര്‍ഥി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.