ഇറാനെതിരായ സൈനിക നീക്കം തടഞ്ഞ് ട്രംപ്: ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് യു.എസ് നയതന്ത്രം

ഇറാനെതിരായ സൈനിക നീക്കം തടഞ്ഞ് ട്രംപ്: ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് യു.എസ് നയതന്ത്രം

വാഷിങ്ടണ്‍: ഇറാനെതിരെ ആസൂത്രണം ചെയ്ത വന്‍ സൈനിക ആക്രമണം അവസാന നിമിഷം തടഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്കായും നയതന്ത്ര പരിഹാരത്തിനായും താല്‍പര്യം പ്രകടിപ്പിച്ച് ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആളപായം ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോയതെന്നും ലാസ് വെഗാസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനായിരുന്നു യു.എസ് തയാറെടുത്തിരുന്നത്. എന്നാല്‍ ആക്രമണം നടത്തരുതെന്നും സംസാരിക്കാം എന്നും അഭ്യര്‍ഥിച്ചുകൊണ്ട് ഇറാനില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ കാര്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് വഴിമാറുകയായിരുന്നു. തങ്ങളുടെ സമീപകാല സൈനിക നടപടികളിലൂടെ അമേരിക്ക ഇറാനെ കാര്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും ഈ മാറ്റം ഇറാന്റെ നിലപാടില്‍ വ്യക്തമാണെന്നും യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഈ സാഹചര്യങ്ങളെ വെനസ്വേലയിലെ യു.എസ് ഇടപെടലുകളുമായി താരതമ്യം ചെയ്ത അദേഹം, രണ്ട് ഘട്ടങ്ങളിലും രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇറാനെ ഒരു കാരണവശാലും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാട് ട്രംപ് ആവര്‍ത്തിച്ചു. യു.എസിനെ ഇറാന്‍ ഇപ്പോള്‍ ബഹുമാനിക്കുന്നുണ്ടെന്നും മുമ്പത്തെ ഒരു പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താന്‍ നടപ്പിലാക്കുന്നതെന്നും അദേഹം പറഞ്ഞു. 

അതേസമയം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഈ മേഖലയില്‍ സമാധാനം ഉറപ്പാക്കാനുള്ള കരാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ യു.എസുമായി യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.