ട്രംപിന്റെ കോപ്റ്ററിനരികെ യാത്രാ വിമാനം; സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ അന്വേഷണവുമായി ഫെഡറല്‍ ഏവിയേഷന്‍

ട്രംപിന്റെ കോപ്റ്ററിനരികെ യാത്രാ വിമാനം;  സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ അന്വേഷണവുമായി ഫെഡറല്‍ ഏവിയേഷന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്ററായ 'മറൈന്‍ വണ്ണി'ന്റെ തൊട്ടടുത്ത് അവിചാരിതമായി ഒരു യാത്രാ വിമാനം. സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ച് യാത്രാ വിമാനം പറന്ന സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.33 ന് വിര്‍ജീനിയയിലെ റൊണാള്‍ഡ് റീഗന്‍ നാഷണല്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് സൈനിക ബേസിലേക്ക് പുറപ്പെട്ടതാണ് ട്രംപ്. 'മറൈന്‍ വണ്‍' ഹെലികോപ്റ്റര്‍ വിമാനത്താവളത്തിന് അരികിലെത്തിയപ്പോള്‍ ഫ്‌ളോറിഡയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.

ആശയവിനിമയ തകാരാറ് മൂലം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനുണ്ടായ പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മറൈന്‍ വണ്ണും വിമാനവും ഒരേ ദിശയിലായിരുന്നെന്നും കൂട്ടിയിടിക്കാന്‍ പാകത്തിനല്ലായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

വിമാനം മറൈന്‍ വണ്ണിന് പിന്നില്‍ 0.8 മൈല്‍ അകലെ 700 അടി ഉയരത്തിലെത്തിയിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം വിമാനം കുറഞ്ഞത് 1.5 മൈല്‍ അകലെ 500 അടി ഉയരത്തിലാണ് പറക്കേണ്ടിയിരുന്നത്

2025 ജനുവരിയില്‍ വാഷിങ്ടണിന് മുകളില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ജെറ്റും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടതോടെ അധികൃതര്‍ കര്‍ശന ജാഗ്രതയാണ് പുലര്‍ത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.