രമയില്ലെങ്കില്‍ സഖ്യമില്ല; വടകര സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു

രമയില്ലെങ്കില്‍ സഖ്യമില്ല; വടകര സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു

കോഴിക്കോട്: കെ.കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് ആര്‍എംപിയില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചെടുത്തു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.കെ രമ മത്സരിക്കണമെന്ന ആവശ്യത്തോടെയാണ് വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയത്.

അവര്‍ മത്സരിക്കുന്നില്ല എന്ന് അറിയിച്ചതിനാല്‍ അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുമെന്നും ഹസന്‍ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി. നേരത്തെ ഫേര്‍വേഡ് ബ്ലോക്കിന് നല്‍കിയ ധര്‍മ്മടവും കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു.

ആര്‍എംപിയുടെ മറ്റേതെങ്കിലും നേതാക്കളാണെങ്കിലും പിന്തുണ നല്‍കിക്കൂടെ എന്ന ചോദ്യത്തിന് കെകെ രമയ്ക്ക് മാത്രമാണ് വിജയ സാധ്യതയെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍ എന്നായിരുന്നു ഹസന്റെ പ്രതികരണം. അതേസമയം, ആര്‍എംപിയില്‍ നിന്നും സീറ്റ് തിരിച്ചെടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

ആര്‍എംപി സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും പിന്തുണ നല്‍കണമെന്ന ആവശ്യം കെ മുരളീധരന്‍ ഉള്‍പ്പടേയുള്ളവര്‍ നടത്തിയിരുന്നു. എന്നാല്‍ കെ.കെ രമ എന്ന ഉപാധിവെച്ച് ആര്‍എംപിയെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ഉപാധിക്ക് മുന്നില്‍ വഴങ്ങാന്‍ ആര്‍എംപി നേതൃത്വം തയ്യാറായില്ല.

യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്ന് പാര്‍ട്ടി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വടകരയില്‍ പിന്തുണച്ചാല്‍ തിരിച്ച് അവരേയും സഹായിക്കും. നാദാപുരം, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളില്‍ യുഡിഎഫിന് പിന്തുണ എന്നതായിരുന്നു ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കിയത്.

വടകരയില്‍ സഖ്യം ഉണ്ടാവാത്ത സ്ഥിതിക്ക് ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും. ഇക്കാര്യത്തില്‍ ആര്‍എംപിയുടെ തീരുമാനം ഉടന്‍ ഉണ്ടാവും. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ടിക്കറ്റില്‍ മത്സരിച്ച കെ.കെ രമയ്ക്ക് ഇരുപതിനായിരിത്തിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും-ആര്‍എംപിയും ചേര്‍ന്നപ്പോള്‍ വടകര മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകളുടെ മേല്‍കൈ നേടാന്‍ സഖ്യത്തിന് സാധിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ സഖ്യ നീക്കങ്ങളും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട്, വടകര എന്നീ പഞ്ചായത്തുകളിലും വടകര ബ്ലോക്കിലെ കല്ലാമല വാര്‍ഡിലുമായിരുന്നു ജനകീയ വികസനമുന്നണി സഖ്യം മത്സരിച്ചത്. ഇതില്‍ ഒഞ്ചിയത്ത് സിറ്റിങ് സീറ്റുകള്‍ നഷ്ടമായെങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ ഭരണം നിലനിര്‍ത്താന്‍ ആര്‍എംപിക്ക് സാധിച്ചു.

എല്‍ജെഡി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഭരണം നഷ്ടമായ ഏറാമല തിരിച്ചു പിടിച്ചു. അഴിയൂരില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും നറുക്കെടുപ്പിലൂടെ ഭരണം ലഭിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.