വിദേശ യാത്രാ: സ്പീക്കര്‍ക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇഡി

വിദേശ യാത്രാ: സ്പീക്കര്‍ക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇഡി

കൊച്ചി: സ്പീക്കര്‍ക്ക് എതിരെയുള്ള അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് കടുപ്പിക്കുന്നു. സ്പീക്കറുടെ വിദേശ യാത്രാവിവരങ്ങള്‍ തേടി പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് ഇഡി കത്തയച്ചു. ഏതൊക്കെ രാജ്യങ്ങളില്‍ എത്ര പ്രാവശ്യം പോയി, സന്ദര്‍ശനം എന്നൊക്കെയായിരുന്നു, വിദേശയാത്രയുടെ പേരില്‍ എത്ര രൂപ ടി എ, ഡി എ ഇനത്തില്‍ കൈപ്പറ്റി തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് കത്തിലെ പ്രധാന നിര്‍ദ്ദേശം.

യാത്രകള്‍ ഔദ്യോഗികമായിരുന്നുവോ അനൗദ്യോഗികമായിരുന്നുവോ എന്ന് അറിയാനാണ് ടി എ/ഡി എ കൈപ്പറ്റിയതിനെപ്പറ്റി അന്വേഷിക്കുന്നത്. സ്പീക്കറുടെ യാത്ര സംബന്ധിച്ച് യു എ ഇ കോണ്‍സുലേറ്റിലെ വിവരങ്ങളും സര്‍ക്കാര്‍ വിവരങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്പീക്കറെ ഇ ഡി ചോദ്യം ചെയ്യുമെന്നാണ് സൂചന.

സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ അതിനു ശേഷം ഹാജരാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇ ഡിയും സ്പീക്കറെ സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍, സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരണ്‍, ലിഫാര്‍ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ശ്രീരാമകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ സിം കാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു.

പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷം ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. അതിനുള്ള തയ്യാറെടുപ്പിലാണ് ഇ ഡി.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.