തൃശൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. 14 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് സർക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് പെൺകുട്ടികളുടെ അമ്മ വിശദീകരിച്ചു.
കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് തൃശൂരിൽ ചേർന്ന വാർത്താസമ്മേളനത്തിൽ കുട്ടികളുടെ അമ്മ പ്രതികരിച്ചു.നാളെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് പത്രിക സമർപ്പിക്കുമെന്നും സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ മക്കൾക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രിയുടെ കാല് പിടിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പിണറായി സർക്കാർ നീതി നിഷേധിച്ചു. അന്വേഷണം അട്ടിമറിച്ച പോലീസുകാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്ഥാനാർത്ഥി തീരുമാനത്തിന് മുൻപ് ധർമ്മടത്ത് പോയി. അവിടുത്തെ അമ്മമാരെ കണ്ടുവെന്നും സർക്കാരിന്റെ നീതികേട് വിവരിച്ചുവെന്നും വാളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തന്റെ മക്കൾക്ക് കിട്ടാത്ത നീതി സമൂഹത്തിലെ ഏത് മക്കൾക്ക് ലഭിക്കുമെന്നും അമ്മ ചോദിച്ചു.
അതേ സമയം കോൺഗ്രസ് ഇതുവരെയും ധർമ്മടത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകിയെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇതേ തുടർന്ന് സീറ്റ് ഏറ്റെടുത്ത കോൺഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല.നിലവിലെ സാഹചര്യത്തിൽ ധർമ്മടത്ത് മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്.
2017ലാണ് 13, ഒൻപത് വയസുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. കേസന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചായിരുന്നു ഇത്. അതേസമയം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് ആരംഭിച്ച സമരം ഇപ്പോളും തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.