തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയം പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പല തിരഞ്ഞെടുപ്പുകളിലും ബന്ധുക്കളും സ്വന്തക്കാരും സ്ഥാനാർത്തി പട്ടികയിൽ ഇടം കണ്ടെത്താറുണ്ട്. സാധാരണയായി ഏറ്റവും അധികം വിമര്‍ശനം നേരിട്ടിട്ടുള്ളത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്നാൽ ഇത്തവണ ഇടത് പക്ഷ മുന്നണി കൺവീനർ എ വിജയ രാഘവന്റെ ഭാര്യയുടേയും മന്ത്രി എ കെ ബാലന്റെ ഭാര്യയുടേയും സ്ഥാർത്ഥിത്വം ഇടത് പക്ഷ മുന്നണിയെയും വല്ലാതെ അലസരപ്പെടുത്തി. പ്രവർത്തന പാരമ്പര്യവും ജനകീയ അടിത്തറയുമുള്ള നേതാക്കൾ മത്സര രംഗത്ത് എത്തുന്നതിൽ അസ്വാഭാവികത കാണേണ്ട കാര്യമില്ല.
ഏതായാലും ഇത്തവണയും മക്കളും ബന്ധുക്കളുമായി പലരും സ്ഥാർത്ഥികളായി എത്തിയിട്ടുണ്ട്, എല്ലാവരും കോൺഗ്രസ് ആണെന്ന് ധരിക്കേണ്ട, എല്ലാ പാർട്ടിയിൽ നിന്നും ഇത്തരക്കാർ മത്സര രംഗത്തുണ്ട്.
കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ഇത്തവണയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും രണ്ട് പേരും മത്സരിച്ചിരുന്നു. മുരളീധരന്‍ കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ ആയിരുന്നു. ഇത്തവണ നേമത്താണ് എന്നതാണ് വ്യത്യാസം. പത്മജ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട തൃശൂരില്‍ തന്നെയാണ് മത്സരിക്കുന്നത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികകളിലെ ഏക സഹോദരങ്ങളും ഇവരാണ്.

കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് മക്കള്‍ രാഷ്ട്രീയത്തിലെ മറ്റൊരാള്‍. മാണി സ്ഥിരമായി മത്സരിച്ചിരുന്ന പാലാ മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ഭാഗമായി ജോസ് കെ മാണി മത്സരിക്കുന്നത്. കെഎം മാണിയുടെ മരുമകനും ഇത്തവണ സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി തൃക്കരിപ്പൂരില്‍ ആണ് എംപി ജോസഫ് മത്സരിക്കുന്നത്. അളിയനും അളിയനും മത്സരിക്കുന്നുണ്ടെങ്കിലും രണ്ട് പേരും ഇരു ചേരികളിലാണെന്നത് കൗതുകമുണർത്തുന്നു.
മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ജി കാര്‍ത്തികേയന്റെ മകനാണ് കെഎസ് ശബരിനാഥന്‍. കാര്‍ത്തികേയന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളായിരുന്നു ശബരിനാഥന്‍. ഇത്തവണയും അരുവിക്കരയില്‍ നിന്ന് ശബരി തന്നെയാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്.
ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും വിവാദമായ ഒന്നാണ് മുസ്ലീം ലീഗിന്റെ കളമശ്ശേരി സ്ഥാനാര്‍ത്ഥി. പാലാവരിപട്ടം പാലം കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രിയും കളമശ്ശേരിയിലെ സിറ്റിങ് എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇത് മുസ്ലീം ലീഗില്‍ കടുത്ത് എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.
മുസ്ലീം ലീഗില്‍ മക്കള്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ വേറേയും ഉണ്ട്. കൊടുവള്ളിയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയും എംഎല്‍എയുമായ എം കെ മുനീര്‍, മുസ്ലീം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദിന്റെ മകന്‍ ആണ്. ഏറനാട് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ പികെ ബഷീര്‍, മുസ്ലീം ലീഗ് നേതാവ് സീതി ഹാജിയുടെ മകനാണ്.
ബേപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി എം നിയാസ് കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന കെ സാദിരിക്കോയയുടെ മകനാണ്. ട്രേഡ് യൂണിയന്‍ നേതാവായിരുന്നു സാതിരിക്കോയ. ചിറ്റൂരിലെ മുന്‍ എംഎല്‍എ കെ അച്യുതന്റെ മകന്‍ സുമേഷ് കെ അച്യുതനാണ് ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
കൊല്ലം ജില്ലയിലെ ചവറയിൽ കഴിഞ്ഞ തവണത്തെ എം എൽ എ വിജയൻപിള്ളയുടെ മകൻ ഡോ സുജിത്ത് വിജയൻ ഇത്തവണ സ്ഥാനാർത്ഥിയാകുമ്പോൾ ഏറ്റുമുട്ടാനെത്തുന്നത് മുൻ മന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണാണ്. എം പി വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയാംസ് കുമാറും, സോഷ്യലിസ്റ്റ് നേതാവായിരുന്ന പി ആർ കുറുപ്പിന്റെ മകൻ കെ പി മോഹനനും, മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന നാരായണക്കുറുപ്പിന്റെ മകൻ ഡോ എൻ ജയരാജ് (കാഞ്ഞിരപ്പള്ളി) , തോമസ് ചാണ്ടിയുടെ അനുജൻ തോമസ് കെ തോമസ് (കുട്ടനാട്), കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് (ഇടുക്കി) , കെ സാദിരിക്കോയയുടെ മകൻ പിഎം നിയാസ് (ബേപ്പൂർ), എ വിജയ രാഘവന്റെ ഭാര്യ ആർ ബിന്ദു (ഇരിഞ്ഞാലക്കുട), മുൻ മന്ത്രി ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് (പിറവം) എന്നിവരാണ് ബന്ധുത്വം അവകാശപ്പെടാവുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.