തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനുള്ള ഏഴ് സീറ്റുകളില്‍ പട്ടാമ്പി, ധര്‍മടം ഒഴികെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ മത്സരിക്കും.
പി.സി.വിഷ്ണുനാഥ് കുണ്ടറയിലും ടി.സിദ്ദിഖ് കല്‍പറ്റയിലും ജനവിധി തേടും. നിലമ്പൂരില്‍ വി.വി.പ്രകാശും തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലും സ്ഥാനാര്‍ഥികളാകും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. തര്‍ക്കം നില നില്‍ക്കുന്ന ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കും. പ്രഖ്യാപിച്ച ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ അല്‍പ്പം മുമ്പ് വ്യക്തമാക്കി. പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് ഇനി തീരുമാനമെടുക്കാനുള്ളത്.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്ന സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്നത് സംസ്ഥാനത്തൊട്ടാകെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ഉപകരിക്കുമെന്ന ചിന്ത യുഡിഎഫ് നേതൃത്വത്തിനുണ്ട്. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചിട്ടുമുണ്ട്. 91 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 സീറ്റുകളില്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
തലസ്ഥാനത്ത് ഇക്കുറി നേമത്തും വട്ടിയൂര്‍ക്കാവിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ ഹൈക്കമാന്‍ഡ്. അങ്ങനെയാണ് അവസാനം കെ.മുരളീധരന്‍ നേമത്ത് എത്തിയത്. ഇതോടൊപ്പമായിരുന്നു വട്ടിയൂര്‍ക്കാവില്‍ ആരെന്ന ചര്‍ച്ചകളും ശക്തമായത്. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങണം എന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ബന്ധം. ഉമ്മന്‍ചാണ്ടിയുടെ പേര് നേമത്തേക്ക് പരിഗണിച്ചപ്പോള്‍ രമേശ് ചെന്നിത്തലയുടെ പേരായിരുന്നു വട്ടിയൂര്‍ക്കാവിലേക്ക് ആദ്യം ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഹരിപ്പാട് വിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയതോടെ യുവാക്കള്‍ തന്നെ ഇറങ്ങട്ടേയെന്നെന്നായി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. പി.സി വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചെങ്കിലും വനിതാ പ്രാധിനിത്യം കണക്കിലെടുത്ത് കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാറിന്റേയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായരുടേയും പേരുകള്‍ പരിഗണിച്ചത്. എന്നാല്‍ ജ്യോതി മണ്ഡലത്തിന് പുറത്തു നിന്നുള്ളതായതിനാല്‍ വീണയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.