പിസി തോമസ് ജോസഫിനൊപ്പം: കേരള കോണ്‍ഗ്രസില്‍ വീണ്ടും ലയനം

പിസി തോമസ് ജോസഫിനൊപ്പം: കേരള കോണ്‍ഗ്രസില്‍ വീണ്ടും ലയനം

കോട്ടയം: പി സി തോമസ് എന്‍ഡിഎ വിട്ടു. സീറ്റ് നിഷേധിച്ചതിനാലാണ് എന്‍ഡിഎ വിട്ടതെന്ന് പി സി തോമസ്. പി സി തോമസ് - പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. ജോസഫ് വിഭാഗം പി സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിക്കും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.



ചിഹ്നപ്രശ്‌നത്തില്‍ പരിഹാരത്തിനായി പിജെ ജോസഫിന്റെ നിര്‍ണായക നീക്കമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ എന്‍ ഡി എ വിടാന്‍ പിസി തോമസ് തീരുമാനിക്കുകയായിരുന്നു. പി ജെ ജോസഫ് ചെയര്‍മാനും പി സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനും മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനുമാകാനുമാണ് ധാരണ. മൂവാറ്റുപുഴയില്‍ വെച്ച് ഇന്നലെ ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നില്‍ പാര്‍ട്ടി ചിഹ്നം ചോദ്യചിഹ്നം ആയത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയോ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ പിജെ ജോസഫ് ആലോചിച്ചിരുന്നു. പുതിയ ചിഹ്നനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ആലോചനയുണ്ടായിരുന്നു.



തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ ചിഹ്നം ഇല്ലാത്ത അവസ്ഥയാണ്. ഇനി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം ഒരു ചിഹ്നത്തില്‍ മത്സരിക്കണം എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യണമായിരുന്നു. ഇന്നത്തെ ലയനത്തോടെ ആ പ്രതിസന്ധിക്ക് ഒരു പരിഹാരമാകും.



സീറ്റ് നിഷേധിച്ചതിനാലാണ് എന്‍ഡിഎ വിടുന്നതെന്നായിരുന്നു പിസി തോമസിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ പി.സി തോമസ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് പാര്‍ലമെന്റ് അംഗമായ വ്യക്തി കൂടിയാണ്. കേരള കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിജയിച്ചു. പി സി തോമസ് കഴിഞ്ഞ ദിവസം വരെ എന്‍ഡിഎയുടെ പരിപാടികളിലെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയായിരുന്നു.



എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. 2004ല്‍ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളെ അട്ടിമറിച്ചാണ് പി സി തോമസ് വിജയിച്ചത്. മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ എം മാണിയോട് ഇടഞ്ഞാണ് പി സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. ആ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ സഹകരണം ലഭിച്ചില്ലെന്ന പരാതി പി സി തോമസിനുണ്ടായിരുന്നു.



ഇന്ന് കടത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരിക്കും ലയന പ്രഖ്യാപനം. ജോസഫ് വിഭാഗത്തെ സംബന്ധിച്ച് കോടതി വിധിയോടെ രണ്ടില ചിഹ്നം കൈവിട്ടുപോയിരുന്നു. പി സി തോമസ് വിഭാഗവുമായി ലയിക്കുന്നതോടെ ചിഹ്ന പ്രശ്‌നത്തിന് പരിഹാരമാകും. ഇതോടെ പി സി തോമസിന്റെ കേരള കോണ്‍ഗ്രസ് ചിഹ്നമായ കസേര ലഭിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.