വിമാനം തകര്‍ക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് സഹപൈലറ്റിന്റെ മൊഴി; യാത്രക്കാര്‍ പിടികൂടിയ ഹമ്മാമിയെ വിട്ടയക്കാന്‍ ചില ജീവനക്കാര്‍ ആവശ്യപ്പെട്ടു

വിമാനം തകര്‍ക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് സഹപൈലറ്റിന്റെ മൊഴി; യാത്രക്കാര്‍ പിടികൂടിയ ഹമ്മാമിയെ  വിട്ടയക്കാന്‍ ചില ജീവനക്കാര്‍ ആവശ്യപ്പെട്ടു

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈ ദുബായ് യാത്രാവിമാനം മനപൂര്‍വം തകര്‍ക്കാനായിരുന്നു തന്റെ തീരുമാനമെന്ന് ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട്. വിമാനം മനപൂര്‍വം തകര്‍ക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ഇസ്ലാമിക തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയതിനെ തുടര്‍ന്ന് വിമാനം പറത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന ഇയാള്‍ക്ക് എങ്ങനെ വീണ്ടും വിമാനത്തിന്റെ കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചെന്നും അന്വേഷിച്ചു വരികയാണ്.

തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ ഇയാളെ വിമാനം പറത്തുന്നതില്‍ നിന്ന് മുന്‍പ് വിലക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇയാളെ തീവ്രവാദവിരുദ്ധ പുനരധിവാസ പ്രോഗ്രാമിന് വിധേയനാക്കുകയും ഓഫിസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ ഒമാന്‍ എയര്‍ വിട്ടശേഷം യുഎഇയില്‍ എത്തിയ ഹമ്മാമിയെ 2026 ഫെബ്രുവരിയില്‍ ഫ്‌ളൈ ദുബായ് വിമാനക്കമ്പനി ജോലിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുന്‍കാല പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫ്‌ളൈ ദുബായ്ക്ക് ലഭ്യമായിരുന്നുവെന്നോ, ഒമാനോട് വിവരങ്ങള്‍ ചോദിച്ചിരുന്നോ എന്നതില്‍ വ്യക്തതയില്ല.

തൊഴില്‍ സുരക്ഷാ പരിശോധനകള്‍ക്കായി ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി മറ്റു രാജ്യങ്ങളില്‍ നിന്ന് യാതൊരു അഭ്യര്‍ത്ഥനയും ഒമാന് ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒമാനി പിതാവിനും സിറിയന്‍ മാതാവിനും ജനിച്ച ഹമ്മാമി തന്റെ ചെറുപ്പകാലത്ത് കുറച്ചുകാലം സിറിയയിലാണ് ചെലവഴിച്ചത്. ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാട്ടം നടത്തുന്ന സമയത്തായിരുന്നു അത്. സിറിയയിലുണ്ടായിരുന്നപ്പോഴാണോ ഇയാള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം വിമാനത്തിലെ അക്രമത്തിനിടെ പിടികൂടിയ അല്‍-ഹമ്മാമിയെ വിട്ടയക്കണമെന്ന് ചില ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി യാത്രക്കാരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാളെ ഒരു കാരണവശാലും വിട്ടയക്കില്ലെന്നും പൊലീസിന് മാത്രമെ കൈമാറൂവെന്ന നിലപാടിലായിരുന്നു യാത്രക്കാരെന്നും അവര്‍ വ്യക്തമാക്കി.

കെട്ടിയിട്ടിരുന്ന സഹ പൈലറ്റിനെ അഴിച്ചു വിടണമെന്ന് ചില ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാരനായ ത്സ്വിക മാനെസ് പറഞ്ഞു. തീവ്രവാദിയെ അഴിച്ചു വിടാനാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് അവര്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് മനസിലായില്ലെന്നും ഇതോടെ ജീവനക്കാരില്‍ തങ്ങള്‍ക്ക് സംശയം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. 'നിങ്ങള്‍ ദൈവമല്ല, നിങ്ങള്‍ക്ക് അവനെ കൊല്ലാന്‍ കഴിയില്ല' എന്ന് ജീവനക്കാര്‍ പറഞ്ഞതായും മാനെസ് പറഞ്ഞു.

മറ്റൊരു യാത്രക്കാരനായ ഡാനിയല്‍ ഷ്‌ളിച്ചറും സമാനമായ ആരോപണം ഉന്നയിച്ചു. സഹ പൈലറ്റിനെ വിട്ടയക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായതിന് പിന്നാലെ യാത്രക്കാരോട് സ്വന്തം സീറ്റുകളിലേയ്ക്ക് മടങ്ങാന്‍ കാബിന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടതായും എന്നാല്‍ യാത്രക്കാര്‍ അതിന് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.