എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകപക്ഷീയമെങ്കില്‍ റദ്ദാക്കപ്പെടും: മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി

എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഏകപക്ഷീയമെങ്കില്‍ റദ്ദാക്കപ്പെടും:  മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി

ഫോം 6 ന്റെ പരിഷ്‌കരണം അംഗീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതി.

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. എടുത്ത തീരുമാനങ്ങള്‍ നിയമപരം അല്ലെങ്കില്‍ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.

എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

സുപ്രീം കോടതി ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് പ്രസ്താവിക്കുന്നത് വരെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കമ്മീഷനെ വിലക്കണമെന്ന ആവശ്യത്തിലും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ രാജ്യം കത്തുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിംഗ് സുപ്രീം കോടതിയില്‍ പറഞ്ഞു.

കമ്മീഷന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. ഏകകണ്ഠമോ, ഭൂരിപക്ഷ അഭിപ്രയത്തിലോ ആയിരിക്കണം തീരുമാനങ്ങള്‍. ഫോം 6 ന്റെ പരിഷ്‌കരണം അംഗീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്‌കരിച്ചത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആരാണ് പരിഷ്‌കരണത്തിന് അനുമതി നല്‍കിയത് എന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അക്കാര്യം അറിയാന്‍ തങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനങ്ങളെടുക്കുന്നത് ഏകപക്ഷീയമായാണോ അതോ ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപ്രകാരമല്ലെങ്കില്‍ അങ്ങനെ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ റദ്ദാക്കപ്പെടുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാവില്ല. എന്താണ് നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം കമ്മീഷനില്‍ നിന്ന് ലഭ്യമാകണം. അതിനു ശേഷം കോടതിയുടെ ഇടപെടലുകള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

'അഞ്ചു മുതല്‍ എട്ടുവരെയുള്ള എതിര്‍ കക്ഷികളുടെ മറുപടിയും ഞങ്ങള്‍ തേടും. അവര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കും. ഇവിടെ ഒരു നിയമമുണ്ട്, അത് അവര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാല്‍ പിന്നെ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ' - കോടതി പറഞ്ഞു.

നിയമ നടപടികളില്‍ നിന്നുള്ള സംരക്ഷണത്തെ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വികാസ് സിങ് ചോദ്യംചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ഐക്യകണ്‌ഠേനയുള്ളതായിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും സിങ് വാദിച്ചു.

ഇത്തരം പരിരക്ഷ പ്രധാന മന്ത്രിക്കോ സുപ്രീം കോടതി ജഡ്ജിമാര്‍ക്കോ പോലും ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കോടതിയുടെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഏകകണ്ഠമായല്ലാതെ തീരുമാനങ്ങളെടുക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവുണ്ടാകണമെന്ന ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.