വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ആവര്‍ത്തിച്ച് വത്തിക്കാന്‍. 81-ാമത് ജനറല്‍ അസംബ്ലിയുടെ യോഗത്തില്‍ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എല്‍-കാസിസ് ആണ് വധശിക്ഷ നിര്‍ത്തലാക്കണം എന്ന ആഹ്വാനം മുന്നോട്ട് വച്ചത്.
'മനുഷ്യാവകാശ സംരക്ഷണം സ്ഥിരതയുള്ളതും സാര്‍വത്രികവുമായിരിക്കണം. അത് എല്ലാ ഘട്ടങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ഓരോ വ്യക്തിക്കും ലഭ്യമാകുന്നതായിരിക്കണം'- ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫ് വ്യക്തമാക്കി.
മനുഷ്യന്റെ അന്തസിനും ജീവിക്കാനുള്ള അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമായതിനാല്‍ വധശിക്ഷ അംഗീകരിക്കാനാവില്ല. കുറ്റകൃത്യം എത്ര ഗുരുതരമായാലും ദൈവം നല്‍കിയ ഈ അന്തസ് ഒരിക്കലും നഷ്ടപ്പെടുന്നില്ല.
പശ്ചാത്താപത്തിനും മാനസാന്തരത്തിനുമുള്ള സാധ്യത കണക്കിലാക്കിക്കൊണ്ട് സമൂഹത്തെ ഫലപ്രദമായി സംരക്ഷിക്കാന്‍ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന രീതിയില്‍ ശിക്ഷാ സംവിധാനങ്ങള്‍ ഇന്ന് പുരോഗമിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമേരിക്കക്കാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ സെപ്റ്റംബര്‍ 30 ന് ടെന്നസിയില്‍ പരാജയമായതിനു പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പിന്റെ ഈ പ്രസ്താവന. മാത്രമല്ല, ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മിലിട്ടറി ഫയറിംഗ് സ്‌ക്വാഡ് വഴിയുള്ള വധ ശിക്ഷയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.
വധശിക്ഷ ഒരു വ്യക്തിയുടെ പവിത്രതയ്ക്കും അന്തസിനും മേലുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്കാ സഭയുടെ പഠനങ്ങളെ ആസ്പദമാക്കി വ്യക്തമാക്കിയ ബിഷപ്പ് ഒരു നിരപരാധിക്കെതിരെയാണ് വധശിക്ഷ നടപ്പിലാക്കുന്നതെങ്കില്‍ പിന്നീട് അത് തിരുത്താന്‍ യാതൊരു വഴിയുമില്ല എന്നും ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.