തലസ്ഥാനം അതീവ ജാഗ്രതയില്‍; ഡല്‍ഹിയില്‍ വന്‍ സേനാവിന്യാസവും ഗതാഗത നിയന്ത്രണങ്ങളും

തലസ്ഥാനം അതീവ ജാഗ്രതയില്‍; ഡല്‍ഹിയില്‍ വന്‍ സേനാവിന്യാസവും ഗതാഗത നിയന്ത്രണങ്ങളും

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതീവ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സമരകേന്ദ്രമായ ജന്തര്‍മന്തറിലേക്കുള്ള വഴികള്‍ വിവിധ ഘട്ടങ്ങളായുള്ള സുരക്ഷാ വേലികളും ബാരിക്കേഡുകളും തീര്‍ത്ത് പൂര്‍ണമായും പൊലീസ് വലയത്തിലാക്കി. ക്രമസമാധാന പാലനത്തിനായി ഡല്‍ഹി പൊലീസിന് പുറമെ 120 കമ്പനി കേന്ദ്ര സായുധസേനയെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

മൊത്തത്തില്‍ ഇരുപത്തയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ചുമതലയ്ക്കായി നിലയുറപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സുരക്ഷാ നടപടികള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. പ്രതിഷേധം ഏതുവിധേനയും തടയുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹിയുടെ അതിര്‍ത്തികളിലും നഗരത്തിനുള്ളിലും കര്‍ശന പരിശോധനകളാണ് നടക്കുന്നത്.

സമരത്തിനെത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കാനും ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുമുള്ള നിര്‍ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി, യുവജന സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ തന്നെ തടങ്കലിലാക്കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സമരത്തില്‍ പങ്കെടുക്കാനായി ട്രെയിനുകളില്‍ പുറപ്പെട്ട പ്രവര്‍ത്തകരെ യാത്രാമധ്യേ പൊലീസ് പിടിച്ചിറക്കുന്നതായി വിവിധ സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളും വലിയ രീതിയില്‍ നിയന്ത്രിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള പ്രധാന മെട്രോ സ്റ്റേഷനുകള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കൂടാതെ ദീര്‍ഘദൂര സര്‍വീസുകളായ ഡല്‍ഹി, നിസാമുദ്ദീന്‍ സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ടിയിരുന്ന നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും നഗരത്തിലെ ക്രമസമാധാനവും മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

നഗരത്തിലെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കും പ്രധാന കേന്ദ്രങ്ങള്‍ക്കും പുറമെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ധര്‍മശാലകള്‍ എന്നിവടങ്ങളിലും പൊലീസ് വ്യാപകമായ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ മദ്യ വില്‍പനശാലകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും തടയുന്നതിനായി സൈബര്‍ സെല്‍ വിഭാഗം പ്രമുഖ അക്കൗണ്ടുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

കനത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണിതെന്ന് ഐസ നേതാവ് നേഹ ബോറ പ്രതികരിച്ചു. ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തില്‍ സര്‍ക്കാരിനുള്ള ആശങ്കയാണ് ഇത്തരം മുന്‍കരുതലുകള്‍ക്ക് കാരണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശും കുറ്റപ്പെടുത്തി. മുന്‍കാലങ്ങളിലെ സമരങ്ങളില്‍ നേരിട്ട വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് ഡല്‍ഹി പൊലീസ് ഈ നീക്കങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.