കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങള് അപകടത്തിലാവുമ്പോള് പ്രതിരോധിക്കേണ്ട കടമ ഭരണഘടനാ കോടതികള്ക്കുണ്ടെന്ന് സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. സുപ്രീം കോടതി ഭരണഘടനയുടെ കാവല്ക്കാരനാണ്. എന്നാല് കേവലം കുരയ്ക്കുകയോ മുന്നറിയിപ്പുകള് നല്കുകയോ ചെയ്തിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില് ആ കാവല് നായ കടിക്കാനും ബാധ്യസ്ഥനാണെന്ന് അദ്ദേഹം ഓര്മ്മിപ്പിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത അഭിഭാഷക പരിപാടിയുടെ ഭാഗമായി കൊച്ചിയില് സംഘടിപ്പിച്ച 'തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയില് വിട്ടുവീഴ്ചയോ' എന്ന വിഷയത്തില് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന് ജോസഫ്.
'പാര്ലമെന്റും കോടതികളും പരാജയപ്പെടുമ്പോള്, നമ്മെ രക്ഷിക്കാന് തെരുവുകള് മുന്നോട്ടു വരും' എന്ന ലോഹ്യയുടെ വാക്കുകള് ഇന്നത്തെ സാഹചര്യത്തില് പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയെ സംരക്ഷിക്കാന് ഇറങ്ങി തിരിക്കുക എന്ന മൗലികമായ കടമയാണ് യുവ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനയുടെ മൂല്യങ്ങള് ഉള്ക്കൊള്ളാനും ജനാധിപത്യം സംരക്ഷിക്കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങള് അവരുടെ ഉത്തരവാദിത്തങ്ങള് നിറവേറ്റുന്നതില് പരാജയപ്പെടുമ്പോള് സമാധാനപരമായി പ്രതിഷേധിക്കാന് പൗരന്മാര്ക്ക് അവകാശമുണ്ട്. ഉന്നത പദവി വഹിക്കുന്ന വ്യക്തിയുടെ സത്യസന്ധതയില് വിട്ടുവീഴ്ച ചെയ്യപ്പെട്ടാല് സ്വാതന്ത്ര്യം ഇല്ലാതെയാകും. അത് ഇന്ത്യന് ജനാധിപത്യത്തിന്റെ മരണ മണിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ-സാമുദായിക വ്യത്യാസങ്ങള്ക്കപ്പുറം ഭരണഘടനയെ സംരക്ഷിക്കാന് അഭിഭാഷക സമൂഹം എപ്പോഴും മുന്നോട്ടു വന്നിട്ടുണ്ട്. നിയമ ലംഘകരുടെ അക്രമത്തേക്കാള് അപകടകരമാണ് നിയമജ്ഞരുടെ മൗനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കൊച്ചിയില് ഇടത് അഭിഭാഷക സംഘടനയായ ഇന്ത്യന് അസോസിയേഷന് ഓഫ് ലോയേഴ്സിന്റെ ആഭിമുഖ്യത്തില് കേരളത്തിലെ 88 കോടതികളില് നിന്നുള്ള അഭിഭാഷക പ്രതിനിധികള് പങ്കെടുത്ത അഡ്വക്കേറ്റ് അസംബ്ലിയിലാണ് ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്തത്. ഐ.എ.എല് ജനറല് സെക്രട്ടറി ബി.കെ.ജയമോഹന് ഇംപീച്ചുമെന്റ് പ്രമേയം അവതരിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.