ഇറാനെതിരെ വീണ്ടും അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്; ആശങ്കയില്‍ പശ്ചിമേഷ്യ

ഇറാനെതിരെ വീണ്ടും അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്; ആശങ്കയില്‍ പശ്ചിമേഷ്യ

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇരുവരും പരിഗണിച്ചതെന്ന് അമേരിക്കന്‍, ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായി സൈനിക നടപടി എന്നതാണ് ലക്ഷ്യം.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതേസമയം യുദ്ധം വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് ട്രംപും നെതന്യാഹുവും ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കിയ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍, ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് നേരത്തേ പറഞ്ഞതാണെന്നും കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രതികരിച്ചില്ല. ട്രംപുമായും അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നെതന്യാഹു പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ട്രംപ് നിലപാട് മാറ്റിയാല്‍ ഉടന്‍ ആക്രമണത്തിനായി അമേരിക്കന്‍, ഇസ്രയേല്‍ സൈന്യങ്ങള്‍ സജ്ജരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആണവ പദ്ധതിയുടെ നിര്‍മാണവുമായി ഇറാന്‍ മുന്നോട്ടു പോകുകയാണെന്ന ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലില്‍ നെതന്യാഹു ആശങ്ക അറിയിച്ചതായി ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായി ഇറാന്‍ പിക്കാക്സ് മൗണ്ടന്‍ ഉപയോഗിച്ചേക്കാമെന്ന സാധ്യതയും ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന പല ചര്‍ച്ചകളിലും ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള സംയുക്ത സൈനിക നീക്കത്തിന്റെ സാധ്യത ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് വിവരം. എന്നാല്‍ ആക്രമണം പുനരാരംഭിക്കുന്നതില്‍ ട്രംപിന്റെ നിലപാട് മാറിമറിഞ്ഞതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. തുടക്കത്തില്‍ ആക്രമണത്തിന് അനുകൂലമായിരുന്ന ട്രംപ് പിന്നീട് മടി കാണിച്ചു എന്നാണ് ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം.

നെതന്യാഹുവിനോട് തയ്യാറെടുപ്പുകള്‍ നടത്താന്‍ ട്രംപ് പറഞ്ഞെങ്കിലും ആക്രമണത്തിന് അന്തിമ ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ആക്രമണം ഇപ്പോഴോ പിന്നീട് എപ്പോഴെങ്കിലുമോ, അല്ലെങ്കില്‍ ഒരിക്കലും നടപ്പിലാകാതെയോ ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും യുദ്ധം ആരംഭിക്കുന്നത് ഇരുനേതാക്കള്‍ക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 27 നാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. ഒരാഴ്ചയ്ക്കുശേഷം അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.