സിഎംആര്‍എല്‍-എക്‌സാലോജിക് അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്‌ഐആര്‍; പിണറായി വിജയന്‍ ഒന്നാം പ്രതി

സിഎംആര്‍എല്‍-എക്‌സാലോജിക് അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്‌ഐആര്‍; പിണറായി വിജയന്‍ ഒന്നാം പ്രതി

രണ്ടാമത്തെ കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ടു കേസിലും വീണ പ്രതിയാണ്.

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ്‌ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ് ഒന്നാം പ്രതി.

രണ്ടാമത്തെ കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ടു കേസിലും വീണ പ്രതിയാണ്. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്‌ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളും ഇന്നുതന്നെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കും.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാട് കേസുമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ.ഡി ഡിജിപിക്ക് നല്‍കിയ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ എസ്ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ.ഡി വിവരങ്ങള്‍ നല്‍കിയത്.

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(ബി) പ്രകാരം പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഇ.ഡി കണ്ടെത്തിയിട്ടും ബിഎന്‍എസ്എസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.