വാഷിങ്ടണ്‍: വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടേക്കാമെന്ന ഭീതിയെത്തുടര്‍ന്ന് കോണ്‍ഗ്രസിനെ മറികടന്ന് സ്വന്തം എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പരമാവധി ഉപയോഗിച്ച് നയങ്ങള്‍ നടപ്പാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം പിടിച്ചെടുത്താല്‍ ഉണ്ടായേക്കാവുന്ന ഭരണപരമായ പ്രതിസന്ധികളും അന്വേഷണങ്ങളും നേരിടാനുള്ള തന്ത്രപരമായ പദ്ധതികളാണ് വൈറ്റ് ഹൗസ് രഹസ്യമായി ആവിഷ്കരിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രത്യേക അംഗീകാരമോ ഭൂരിപക്ഷമോ ഇല്ലാതെ തന്നെ പ്രസിഡന്റിന് നിയമപരമായി നടപ്പാക്കാന്‍ കഴിയുന്ന തീരുമാനങ്ങള്‍ കണ്ടെത്താന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ തീവ്ര ശ്രമത്തിലാണ്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍, ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട് എന്നിവരുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസ് കൗണ്‍സല്‍ ഓഫീസ് അഭിഭാഷകരുമായി ചേര്‍ന്നാണ് എക്സിക്യൂട്ടീവ് നടപടികളുടെ കരട് തയ്യാറാക്കുന്നത്. കുടിയേറ്റ നിയന്ത്രണം, പുതിയ താരിഫുകളും തീരുവകളും ചുമത്തല്‍, ഫെഡറല്‍ ഫണ്ടുകളുടെ ചെലവഴിക്കല്‍, വിദേശ വിദ്യാര്‍ഥികളുടെ വിസ വ്യവസ്ഥകള്‍ കടുപ്പിക്കല്‍ തുടങ്ങിയ മേഖലകളിലാണ് ഭരണകൂടം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ട്രംപിന്റെ അധികാരപരിധി എത്രത്തോളം വ്യാപിപ്പിക്കാമെന്നും കോടതി നടപടികളില്‍ നിന്ന് അത്തരം എക്സിക്യൂട്ടീവ് ഉത്തരവുകളെ എങ്ങനെ പ്രതിരോധിക്കാമെന്നും നിയമ വിദഗ്ധര്‍ പരിശോധിച്ചു വരുന്നു. നിലവിലെ സര്‍വേകള്‍ പ്രകാരം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇരുസഭകളുടെയും ഭൂരിപക്ഷം നേടാന്‍ ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റുകള്‍ വീതം മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഡെമോക്രാറ്റുകള്‍ പ്രതിപക്ഷ ഭൂരിപക്ഷം നേടിയാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ ബില്ലുകളും സാമ്പത്തിക വിഹിതങ്ങളും തടയാനും സര്‍ക്കാരിനെതിരെ വിപുലമായ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കാനും അവര്‍ക്ക് സാധിക്കും. എന്നാല്‍ ഈ സാധ്യത മുന്‍കൂട്ടി കണ്ട് വിദേശനയം, അന്താരാഷ്ട്ര വ്യാപാരം, ഫെഡറല്‍ ഏജന്‍സികള്‍ എന്നിവയില്‍ എക്സിക്യൂട്ടീവ് അധികാരങ്ങളിലൂടെ സമ്പൂര്‍ണ നിയന്ത്രണം ഉറപ്പാക്കാനാണ് ട്രംപിന്റെ പുതിയ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.