കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ ആള് എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു.
'ജയിലില്‍ പോകുമ്പോള്‍ അസുഖം വരും. പുറത്ത് ഇറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവര്ക്കും ബുദ്ധി ഉണ്ടെന്ന് തച്ചങ്കരി ഓര്‍ക്കണം' എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമര്‍ശനം.
തച്ചങ്കരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി തേടിയിട്ടുണ്ട്. ആശുപത്രിയില്‍ കിടന്ന മുഴുവന്‍ വിവരങ്ങളും കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 30.84 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 17 നായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.
പിന്നീട് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യവുമായിരുന്നു മുഖ്യ ജാമ്യവ്യവസ്ഥ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.