അര്‍ണബ് മായും മുന്‍പേ മുരാസു ഭീതിയില്‍ കിഴക്കന്‍ തീരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; കേരളത്തിലും കനത്ത മഴ മുന്നറിയിപ്പ്

അര്‍ണബ് മായും മുന്‍പേ മുരാസു ഭീതിയില്‍ കിഴക്കന്‍ തീരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം; കേരളത്തിലും കനത്ത മഴ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തെക്കന്‍ തീരങ്ങളില്‍ ഭീതി പടര്‍ത്തിയ അര്‍ണബ് ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെ, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയേറുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടല്‍ മേഖലയിലും കേന്ദ്രീകരിച്ചിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം കൂടുതല്‍ കരുത്തു പ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ പ്രതിഭാസം നവംബര്‍ രണ്ടോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തി വന്‍ പ്രകൃതിക്ഷോഭത്തിന് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈ പ്രതിഭാസം പൂര്‍ണമായി ചുഴലിക്കാറ്റായി മാറുന്നതോടെ അതിന് മുരാസു (Murasu) എന്ന് നാമകരണം ചെയ്യപ്പെടും.

വരും ദിവസങ്ങളില്‍ സമുദ്രത്തില്‍ അതിതീവ്രമായ വായുമര്‍ദ വ്യതിയാനവും കനത്ത കാറ്റും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലും മധ്യ പടിഞ്ഞാറന്‍ മേഖലകളിലും മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില ഘട്ടങ്ങളില്‍ 100 കിലോമീറ്റര്‍ വരെയും വേഗത കൈവരിക്കുന്ന കൊടുങ്കാറ്റിന് സാധ്യതയുണ്ട്.

ശക്തമായ കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്ന് വടക്കന്‍-തെക്കന്‍ തീരദേശ സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ വിഭാഗങ്ങള്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കൊടുങ്കാറ്റിന്റെ വരവിന് പുറമേ തെക്കന്‍ മഹാരാഷ്ട്ര തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കൂടി സജീവമാകുന്നതോടെ ദക്ഷിണേന്ത്യയിലാകെ വരും ദിവസങ്ങളില്‍ കാലാവസ്ഥ ശക്തമാകും. ഇതിന്റെ അനന്തരഫലമായി നവംബര്‍ ഒന്ന മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും, മലയോര മേഖലകളിലും തീരദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.