മണിക്കൂറില്‍ 280 കിലോ മീറ്റര്‍ വേഗം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിന്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇതിന്റെ നിര്‍മാണം ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. മണിക്കൂറില്‍ പരമാവധി 280 കിലോ മീറ്റര്‍ പരീക്ഷണ വേഗം കൈവരിക്കാന്‍ ശേഷിയുള്ള ശേഷിയുള്ള ട്രെയിനാണിത്.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിക്കായാണ് ട്രെയിന്‍ നിര്‍മ്മിക്കുന്നത്. വിദേശ സാങ്കേതിക വിദ്യയെ പൂര്‍ണമായി ആശ്രയിക്കാതെ രാജ്യത്തെ കാലാവസ്ഥയും പ്രവര്‍ത്തന സാഹചര്യങ്ങളും കണക്കിലെടുത്താണ് എന്‍ജിനീയര്‍മാര്‍ ട്രെയിന്‍ നിര്‍മാണം നടത്തുന്നത്.
പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 280 കിലോ മീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ട്രെയിന്‍, സാധാരണ സര്‍വീസില്‍ മണിക്കൂറില്‍ 249 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഓടുക. 202 മീറ്റര്‍ നീളമുള്ള ട്രെയിനില്‍ എട്ട് കോച്ചുകളുണ്ടാകും.
നാല് മോട്ടോര്‍ കോച്ചുകളും നാല് ട്രെയിലര്‍ കോച്ചുകളും ഇതില്‍ ഉള്‍പ്പെടും. 557 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ട്രെയിനില്‍ ഭിന്നശേഷിക്കാര്‍ക്കും ചലന പരിമിതിയുള്ളവര്‍ക്കുമായി രണ്ട് സീറ്റുകള്‍ മാറ്റി വയ്ക്കാനാണ് തീരുമാനം.
ട്രെയിനില്‍ ഏഴ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് കോച്ചുകളും ഒരു എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുമുണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 3+2 ക്രമത്തിലും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2+2 ക്രമത്തിലുമാകും സീറ്റുകള്‍ വിന്യസിക്കുന്നത്.
ഭാവിയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ച് എട്ട് കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ കൂട്ടിച്ചേര്‍ത്ത് 16 കോച്ചുകളുള്ള ട്രെയിനായി ഓടിക്കാനും സൗകര്യമുണ്ടാകും.
യാത്രക്കാരുടെ സൗകര്യത്തിന് പ്രാധാന്യം നല്‍കിയാണ് ട്രെയിനിന്റെ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശാലമായ സീറ്റുകള്‍, കൂടുതല്‍ ലെഗ്റൂം, ഓരോ സീറ്റ് നിരയിലും വലിയ ജനാലകള്‍ എന്നിവയുണ്ടാകും. കോച്ചുകള്‍ക്കിടയില്‍ തടസമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇടനാഴിയാണ് ഒരുക്കുന്നത്.
ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമായി വ്യക്തിഗത ചാര്‍ജിംഗ് സൗകര്യങ്ങളുണ്ടാകും. ലഗേജുകള്‍ സൂക്ഷിക്കാന്‍ മുകളിലെ റാക്കുകള്‍ക്കും വലിയ ബാഗുകള്‍ക്കായി പ്രത്യേക സ്ഥലത്തിനും സൗകര്യമുണ്ടാകും. ആധുനിക എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും ബയോ ഡൈജസ്റ്റര്‍ ടോയ്ലറ്റുകളും ട്രെയിനിന്റെ പ്രത്യേകതകളാണ്.
യാത്രയ്ക്കിടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ട്രെയിനിലുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി ഡിസ്പ്‌ളേകളും ഓട്ടോമാറ്റിക് അനൗണ്‍സ്മെന്റ് സംവിധാനവും ഒരുക്കും.
അതിവേഗ വൈഫൈ അടിസ്ഥാനമാക്കിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് വിനോദ പരിപാടികള്‍ ആസ്വദിക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ ജീവനക്കാരുമായി ബന്ധപ്പെടാന്‍ പ്രത്യേക ടോക്ക്ബാക്ക് സംവിധാനവും ഉണ്ടാകും.
25 കെവി എസി ഓവര്‍ഹെഡ് വൈദ്യുതി സംവിധാനത്തിലായിരിക്കും ട്രെയിന്‍ പ്രവര്‍ത്തിക്കുക. ട്രെയിന്‍ വേഗം കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം വീണ്ടെടുത്ത് വൈദ്യുതി ശൃംഖലയിലേക്ക് തിരിച്ചുനല്‍കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാറ്റിന്റെ പ്രതിരോധം കുറയ്ക്കുന്നതിനും തുരങ്കങ്ങളിലൂടെ സഞ്ചരിക്കുമ്പോഴുള്ള ശബ്ദം നിയന്ത്രിക്കുന്നതിനുമായി പ്രത്യേക എയറോഡൈനാമിക് രൂപകല്‍പ്പനയും ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അതിവേഗ റെയില്‍ ഗതാഗത മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പായിരിക്കും തദ്ദേശീയമായി നിര്‍മിക്കുന്ന ഈ ബുള്ളറ്റ് ട്രെയിന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.