ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്‌?

ആരാണ്‌ സന്തോഷം ആഗ്രഹിക്കാത്തത്‌?

മാര്‍ച്ച്‌ ഇരുപത്‌ ലോക സന്തോഷ സുദിനമായി ആചരിക്കുകയാണ്‌. ലോകം മുഴുവനുമുള്ള മനുഷ്യരുടെ സന്തോഷ ജീവിതം, സുസ്ഥിരമായ വികസനം, സാമ്പത്തികമായ വളര്‍ച്ച, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ലോകസമാധാനം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായാണ്‌ യു.എന്‍ അസംബ്ലി എല്ലാ വര്‍ഷവും മാര്‍ച്ച്‌ ഇരുപതിന്‌ അന്താരാഷ്ട്ര സന്തോഷ ദിനമായി ആഘോഷിക്കുവാന്‍ രാജ്യങ്ങളെ ആഹ്വാനം ചെയ്തത്‌. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഉപദേഷ്ടാവും സാമൂഹ്യപ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയ്മി ഇലിയാനാണ് “സന്തോഷദിനം' എന്ന ആശയത്തെ ലോകത്തിന്‌ പരിചയപ്പെടുത്തുന്നത്‌.

193 രാജ്യങ്ങള്‍ സന്തോഷദിനം എന്ന ആശയത്തില്‍ ആകൃഷ്ടരായതോടെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ 2013 മാര്‍ച്ച്‌ 20ന്‌ ആദ്യ അന്താരാഷ്ട്ര സന്തോഷദിനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സന്തോഷദിനത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ” വേള്‍ഡ്‌ ഹാപ്പിനെസ്‌ റിപ്പോര്‍ട്ടും" പുറത്തിറക്കുന്നു. ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഹാപ്പിനെസ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുന്നത്‌.

1. മൊത്ത ആഭ്യന്തര ഉത്പാദനം
2. ആയുർദൈർഘ്യം
3. അഴിമതി രാഹിത്യം
4. സൗഹാർദ്ദം
5. സ്വാതന്ത്ര്യം
6. സാമൂഹ്യപിന്തുണ

ഒരു രാജ്യത്തിന്റെ സന്തോഷം നിര്‍ണ്ണയിക്കുന്ന ആറ്‌ അളവുകോലുകളാണിവ.156 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ 144-ാം സ്ഥാനത്താണ്‌. ഇന്ത്യയെക്കാളും സന്തോഷവാന്‍മാരാണ്‌ പട്ടികയില്‍ 66-ാം സ്ഥാനത്തുള്ള പാക്കിസ്ഥാനികൾ! അഴിമതിയും അസ്വാതന്ത്ര്യവും സാമൂഹികമായ പിന്തുണക്കുറവുമൊക്കെയായിരിക്കാം ഭാരതത്തിന്റെ സന്തോഷത്തെ തല്ലിക്കെടുത്തുന്ന ബാഹ്യ പോരായ്മകള്‍.

ചിരിമായും (കൊറോണ) കാലം
ചിരി ഹൃദയാനന്ദത്തിന്റെയും പ്രകാശമുള്ള ജീവിതത്തിന്റെയും നൈര്‍മ്മല്യത്തിന്റെയും ലക്ഷണമാണ്‌. ആധുനിക മനുഷ്യന്‍ ചിരിക്കാന്‍ മറക്കുന്നതുപോലെ. ജീവിതാനന്ദം യഥാര്‍ത്ഥത്തില്‍ കുറഞ്ഞുവരുന്നതിന്റെ “ഗൗരവ” ഭാവഭേദങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളി ആവശ്യത്തിലേറെ ഗൗരവപ്രകൃതിയുള്ളവനായി മാറാന്‍ സഹജ ചോദനകളില്‍നിന്നുള്ള അകല്‍ച്ച കാരണമാകുന്നു. ജീവനുള്ളവയോടുള്ള വിരക്തിയും അചേതനവസ്തുക്കളോടുള്ള നിരന്തരമായ സഖിത്വവും മനുഷ്യരിലെ സഹജ ജൈവഭാവത്തെ കെടുത്തി. ചിലരുടെ ജീവിതത്തിന്റെ മുന്നോട്ടു പോക്കുതന്നെ പ്രതിസന്ധിയിലായി. ശാരീരികവും മാനസികവും സാമൂഹികവുമായ ഒറ്റപ്പെടലും പിരിമുറുക്കങ്ങളും വിഷാദവും കുടുംബങ്ങളെയും വ്യക്തികളെയും - കുട്ടികളെ പ്രത്യകിച്ചും - മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയരാക്കി. പലര്‍ക്കും ജീവിതം തന്നെ മടുത്ത അവസ്ഥയുണ്ടാക്കി.

2020 മാര്‍ച്ച്‌ 25 മുതല്‍ 2020 ജൂലൈ ഒൻപത് വരെ പതിനെട്ടുവയസിനു താഴെയുള്ള 66 കുട്ടികള്‍ ജീവനൊടുക്കിയെന്ന കണക്ക്‌ നമ്മുടെ സന്തോഷം കെടുത്തുന്നതാണ്‌. ഭാതിക രംഗത്തു വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന വികസനം യാഥാര്‍ത്ഥ്യമായി എന്ന്‌ അവകാശപ്പെടുമ്പോഴും സമൂഹത്തിന്റെ മാനസികാരോഗ്യം അതനുസരിച്ച്‌ വളര്‍ന്നിട്ടുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. സാമൂഹ്യ പിന്തുണ “വേള്‍ഡ്‌ ഹാപ്പിനെസ്‌ റിപ്പോര്‍ട്ടി"ലെ ഒരു പ്രധാന മാനദണ്ഡമാണ്‌. ഇന്ത്യയില്‍, പ്രത്യകിച്ച്‌ കേരളത്തില്‍, സാമൂഹ്യ പിന്തുണയുടെ ആവശ്യകതയും പ്രാധാന്യവും വിസ്മരിക്കപ്പെടുന്നു എന്നത്‌ വരാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമാണ്‌. സാമൂഹ്യ പ്രതിബദ്ധതാവാദികളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവര്‍ സാമൂഹ്യ പിന്തുണയുടെ കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും പഠനത്തിനും' വഴികാട്ടികളാകരുത്.

ചിരിയുടെ “ട്രോള്‍ മോഡല്‍?

ചിരി എന്ന ഉദാത്ത സഹജഭാവം ഉള്ളപ്പോഴാണ്‌ ഒരു സമൂഹം ക്രിയാത്മക ജൈവ സമൂഹമായി മാറുന്നത്‌. മനുഷ്യന്‌ സൗജന്യമായി പങ്കുവയ്ക്കുവാന്‍ പറ്റുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ്‌ ചിരി. ചിരിക്കാനും ചിരിപ്പിക്കാനും കഴിയുക ജീവിതത്തിന്റെ പുണ്യമാണ്‌. ചിരിയുടെ ഉപാധികള്‍ക്ക്‌ മനുഷ്യന്റെ ചരിത്രത്തോളം പഴക്കവും കാലത്തിന്റെ പുരോഗതിക്കനുസൃതമായ വളര്‍ച്ചയുമുണ്ട്. സന്തോഷം ജനിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ക്ക്‌ കാലഘട്ടത്തിനനുസരിച്ചുള്ള രൂപമാറ്റങ്ങള്‍ സ്വാഭാവികമാണല്ലോ. പരിഹസിച്ച്‌ പവിത്രമാക്കുക എന്നത്‌ ഹാസ്യത്തിന്റെ വിശേഷമായ സിദ്ധിയാണ്‌. കുഞ്ചന്‍ നമ്പ്യാരില്‍ ആരംഭിക്കുന്ന മലയാളിയുടെ ഹാസ്യാവിഷ്‌കാരം കാലഘട്ടത്തിന്റെ പരിണാമങ്ങളെ ഉൾക്കൊണ്ട് ചിരിപ്പിച്ച്‌ മുന്നേറി. ഓട്ടംതുള്ളല്‍, ആക്ഷേപഹാസ്യം, നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹൃ വിമര്‍ശനങ്ങള്‍ എന്നിവ ശുദ്ധ ഹാസ്യത്തിന്റെ ആദിചരിത്രമായിരുന്നു. ആക്ഷേപഹാസ്യം, കാര്‍ട്ടൂണ്‍, രാഷ്ട്രീയ ഹാസ്യം, മിമിക്രി തുടങ്ങിയവയിലൂടെ വളര്‍ന്നു വികസിച്ച ഹാസ്യ പരമ്പര ട്രോള്‍ ഹാസ്യത്തില്‍ എത്തിനില്‍ക്കുന്നു. ശുദ്ധഹാസ്യത്തില്‍ ശത്രുക്കളെപ്പോലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലക്ഷ്യം വ്യഭിചരിക്കപ്പെടുമ്പോഴാണ്‌ ഹാസ്യം അസംബന്ധത്തെ പുണരുന്നതും തദനുസൃതം അധഃപതിക്കുന്നതും.ആധുനിക ഹാസ്യ അവതരണങ്ങള്‍ മിത്രങ്ങളെക്കൂടി ശ്രതുക്കളാക്കുന്ന വ്യക്തിഹത്യകളാകുന്നു. നര്‍മ്മബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കാനും സാമൂഹൃ വിമര്‍ശനം നടത്തി ആശയസംവേദനം ഫലപ്രദമായി പ്രയോഗത്തില്‍ വരുത്താനും ട്രോള്‍ മോഡല്‍ ഹാസ്യം സ്വീകാര്യം തന്നെ. ട്രോള്‍ ഹാസ്യം സ്വകാര്യ സന്തോഷമായും പൊട്ടിച്ചിരികള്‍ ഇമോജികളായും സ്റ്റിക്കറുകളായും ചുരുങ്ങുകയും ചെയ്യുന്നത്‌ മലയാളിയുടെ സന്താഷത്തിന്റെ വ്യാപ്തിയെ നാലു ചുവരുകള്‍ക്കിടയിലും സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനിനു മുന്നിലും ഒതുക്കുന്നു. തന്മൂലം സന്തോഷത്തിന്റെ സാമൂഹ്യമാനം വിസ്മൃതിയിലാഴ്ന്നു പോകുന്നു.


ആത്മവിശ്വാസവും നര്‍മ്മബോധവും


സന്തോഷം, സ്നേഹം, സൗഹാർദ്ദം, വിനോദം ഇവയെല്ലാം ഒരു വ്യക്തിയെ ഈ ലോകത്തില്‍ പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ ഘടകങ്ങളാണ്‌. പ്രതിസന്ധികളെ അതിജീവിക്കാനും കരുത്തേകാനും മനുഷ്യനെ സഹായിക്കുന്നവയാണ്‌ ആത്മവിശ്വാസവും നര്‍മ്മബോധവും. ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്‌. ജീവിതത്തില്‍ ഏറെ കരഞ്ഞിട്ടുള്ളവരാണ്‌ നമ്മെ ചിരിപ്പിച്ചവരില്‍ അധികവും. “കണ്ണുനീരിന്റെ കയ്പ്‌ അറിഞ്ഞവര്‍ക്കേ ചിരിയുടെ മൂല്യം തിരിച്ചറിയാനാകൂ” എന്നു പറഞ്ഞ ചാര്‍ളി ചാപ്ളിന്‍ അത്‌ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ്‌. “കരയാതിരിക്കാന്‍ ഞാന്‍ ചിരിക്കുന്നു” എന്ന എബ്രാഹം ലിങ്കന്റെ വാക്കുകള്‍ ആത്മവിശ്വാസത്തിന്റെ കസേരയില്‍ നര്‍മ്മബോധത്തെ പ്രതിഷ്ഠിക്കലായിരുന്നു. മനുഷ്യവികാരങ്ങളെ മാറ്റിമറിക്കാന്‍ ചിരിയോളം ശക്തമായൊരു ആയുധമില്ല എന്നാണ്‌ വൈദ്യശാസ്ത്രത്തിലെ കണ്ടെത്തൽ. “ ഭൗതിക നേട്ടമോ വിജയമോ അല്ല സന്തോഷത്തിന്റെ അടിസ്ഥാനം; മറിച്ച്‌ സന്തോഷമാണ്‌ എല്ലാം” എന്ന്‌ പ്രശസ്ത അമേരിക്കന്‍ ബിസിനസുകാരന്‍ ഹെര്‍മന്‍ കെയ്ന്‍ പറഞ്ഞിട്ടു. ഫ്രാൻസിസ് മാർപാപ്പ “ആനന്ദിക്കുവിന്‍ ആഹ്ലാദിക്കുവിന്‍” എന്ന അപ്പസ്തോലിക ലേഖനത്തില്‍ വിശുദ്ധിയുടെ ഫലം ആത്മാര്‍പ്പണത്തിലൂടെ ലഭിക്കുന്ന ആനന്ദമാണ്‌ എന്ന്‌ ഓര്‍മ്മിപ്പിക്കുന്നു. “നിങ്ങള്‍ എപ്പോഴും സന്തോഷിക്കുവിന്‍' എന്ന പൗലോസ് അപ്പസ്‌തോലന്റെ ഉപദേശം ആത്മവിശ്വാസവും ദൈവവിശ്വാസവും തമ്മിലെ പാരസ്പര്യത്തെ കുറിക്കുന്നു. പക്വമായ ആത്മീയതയുടെ ലക്ഷണത്തില്‍ നര്‍മ്മബോധത്തെ ആത്മവിശ്വാസത്തിനും ദൈവവിശ്വാസത്തിനും മദ്ധ്യേയുള്ള പാലമായി കരുതാം. “ടോം നാന്‍സ്ബെറി” എന്ന ചിന്തകന്റെ വാക്കുകളില്‍ “ശുഭാപ്തി വിശ്വാസമുള്ളവര്‍ മറക്കാന്‍ ചിരിക്കുന്നു. ശുഭാപ്തി വിശ്വാസമില്ലാത്തവന്‍ ചിരിക്കാന്‍ മറക്കുന്നു.”

സ്മൈല്‍ പ്ലീസ്‌


മലയാളിസംസ്കാരത്തിന്റെ ഭാഗമായ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും നര്‍മ്മ സംഭാഷണങ്ങളും പൊട്ടിച്ചിരികളുമായിരുന്നു. “സമയമില്ലാത്ത” മലയാളിയുടെ ജീവിതത്തില്‍നിന്ന്‌ വര്‍ത്തമാനങ്ങളും തമാശകളും പടിയിറങ്ങി. സംസാരം പോലും ലോപിച്ചുതുടങ്ങി. സംബോധനകള്‍ സഹോദരനെ “സഹോ, ബ്രദറിനെ “ബ്രോ”, പിക്ചറിന് “പിക്‌” എന്നുമൊക്കയാക്കി ന്യൂജെന്‍ ട്രെന്റുകള്‍. പൊട്ടിച്ചിരികളുടെയും പുഞ്ചിരികളുടെയും സ്ഥാനത്ത്‌ “ഇമോജി” കള്‍! ഒറ്റയ്ക്കിരുന്ന് 'ട്രോളുകൾ' കണ്ട് തനിയെ ആർക്കോവേണ്ടി ചിരിക്കുന്നു. സാമൂഹൃമായ ഒത്തുചേരലുകളില്‍നിന്നുത്ഭവിക്കുന്ന സന്തോഷങ്ങളില്‍നിന്ന്‌ സ്വകാര്യമായ സന്തോഷങ്ങളിലേക്കുള്ള ഒളിച്ചോട്ടമാണ്‌ ഈ
കാലഘട്ടത്തിന്റെ വെല്ലുവിളി. ഒറ്റയ്ക്കായിരിക്കാനും സ്വയം ആഹ്ളാദിക്കാനും പുതുതലമുറ ആഗ്രഹിക്കുന്നതാണ്‌ സന്തോഷത്തിന്റെ സാമൂഹ്യമാനത്തിനേറ്റ മുറിവ്‌.

ഏകാന്തതയാണ്‌ ആധുനിക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‌ 2018-ല്‍ ട്രേസി ക്രൂഷിയെ ഏകാന്തത അനുഭവിക്കുന്നവര്‍ക്കുള്ള മന്ത്രിയായി ചുമതല ഏൽപ്പിച്ചുകൊണ്ട് ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്ന തെരേസാ മേ പറഞ്ഞു. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ 85 ശതമാനം പേരും ഏകാന്തത അനുഭവിക്കുന്നവരാണെന്ന തെരേസാ മേയുടെ കത്തിൽനിന്നാണ്‌ ബ്രിട്ടനില്‍ അവര്‍ക്കായി ഒരു വകുപ്പും മന്ത്രിയും ഉണ്ടായത്. അബുദാബി ഭരണകൂടത്തിന്റെ മന്ത്രിസഭയിൽ ജനങ്ങളുടെ സന്തോഷം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും മന്ത്രിയും. നമ്മുടെ ഭരണ സിരാകേന്ദ്രങ്ങൾ സന്തോഷ വര്‍ദ്ധനവും നിലനിര്‍ത്തലും കാര്യമായി പരിഗണിച്ചില്ലെങ്കിലും സന്തോഷം കെടുത്തുന്ന വകുപ്പുകളുടെ മേലധികാരികളാകാതിരുന്നെങ്കില്‍! ചിരിയോഗ, ചിരിക്ലബ്‌, ലാഫ്‌ ബോക്സ്‌ ചിരി, ലാഫ്റ്റര്‍ തെറപ്പി തുടങ്ങിയവ കൃത്രിമമായ ചിരിപ്പിക്കലിലൂടെ മനുഷ്യ ജീവിതത്തിലെ ശാരീരിക-മാനസിക വെല്ലുവിളികളെ ഒരു പരിധിവരെ അഭിമുഖീകരിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും മലയാളികളുടെ മാനസിക ഉല്ലാസത്തിന്റെ വഴികളെ സുഗമമാക്കാന്‍ സാമൂഹ്യ പിന്തുണ ആവശ്യങ്ങളാണ്‌.

സന്തോഷകരമായ സാമൂഹ്യചുറ്റുപാട്‌ സൃഷ്ടിക്കാന്‍ നമ്മുടെ ഭരണകൂടങ്ങളെ “ലോക സന്തോഷദിനം' പ്രചോദിപ്പിക്കുമെന്ന്‌ ന്യായമായും കരുതാം. നര്‍മ്മബോധത്തില്‍നിന്ന്‌ ധര്‍മ്മബോധത്തിലേയ്ക്കും ധര്‍മ്മബോധത്തില്‍നിന്ന്‌ കര്‍മ്മബോധത്തിലേയ്ക്കും ഞങ്ങളുടെ നാടിനെ ഉണര്‍ത്തണമേ എന്ന്‌ നമുക്ക്‌ പരസ്പരം ആശംസിക്കാം. സന്തോഷം ആഗ്രഹിക്കാത്തവരായി ആരുമില്ല. നമ്മുടെ ജീവിതങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ മറ്റാരും കവര്‍ന്നെടുക്കാതിരിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.