തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വ്വേകള്‍ യഥാര്‍ത്ഥ ജനഹിതം അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ സര്‍വ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്നും ഇത്തരം സര്‍വ്വേകള്‍ ജനം തൂത്തെറിയുമെന്നും അദ്ദേഹം വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഭിപ്രായ സര്‍വേകളിലൂടെ യുഡിഎഫിനെ തകര്‍ക്കാമെന്ന് കരുതിയാല്‍ ഞങ്ങള്‍ ഇതൊക്കെ കുറെ കണ്ടിട്ടുള്ളതാണ് എന്നേ പറയാനുള്ളു. ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനം എങ്കിലും യുഡിഎഫിന് ലഭിക്കണ്ടേ. ഇതെന്ത് മാധ്യമ ധര്‍മ്മമാണ്. നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നത്.
മാധ്യമ ധര്‍മ്മം മറന്നു കൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഒരു കാലത്തും മുന്നോട്ടു പോയിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധിച്ചാല്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നു എന്നു കാണാന്‍ കഴിയും. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഇടം പോലും തരാതെ ഭരണ കക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന നിലയിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ മാറിപ്പോകുന്നത് ശരിയാണോ.
ചില അവതാരകര്‍ ഇനി വരുന്ന അഞ്ച് വര്‍ഷം കൂടാതെ അടുത്ത അഞ്ച് വര്‍ഷം കൂടി പിണറായി ഭരിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഇതൊക്കെ എന്ത് മാധ്യമ ധര്‍മ്മമാണ്. സര്‍ക്കാര്‍ ഒരോ പ്രതിസന്ധിയില്‍ വീഴുമ്പോഴും അതില്‍ നിന്ന് കരകയറാന്‍ സര്‍വ്വേക്കാര്‍ വരുന്നു. മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനി തന്നെയാണ് സര്‍വ്വേ നടത്തിയത്. ഇപ്പോ ആഴ്ചയിലാണ് സര്‍വ്വേ കേരളത്തിലെ ഒരു ശതമാനം പോലും വോട്ടര്‍മാര്‍ പങ്കെടുക്കാത്ത സര്‍വ്വേകളാണ് ഇത്. ജനങ്ങളുടെ ബോധ്യത്തേയും ചിന്താശക്തിയേയും അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരിനെ വെള്ളപൂശാന്‍ വേണ്ടി 200 കോടി രൂപയുടെ പരസ്യമാണ് ഈ സര്‍ക്കാര്‍ അവസാന കാലത്ത് നല്‍കിയത്. അതില്‍ 57 കോടി രൂപ കിഫ്ബിയില്‍ നിന്നായിരുന്നു. 200 കോടിയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ഇപ്പോള്‍ സര്‍വ്വേകളിലൂടെ കാണാന്‍ കഴിയുന്നത്. പ്രതിപക്ഷത്തിന് പരസ്യം കൊടുക്കാനുള്ള നിവൃത്തിയില്ല. മാധ്യമ ധര്‍മ്മം പാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.
മാധ്യമങ്ങള്‍ കോംപ്രമൈസ് ചെയ്യുകയാണ്. സത്യത്തെ തമസ്‌കരിക്കുകയാണ്. മോഡി കോര്‍പറേറ്റുകളെ കൊണ്ട് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് പോലെ പിണറായിയും ആ നിലയിലേക്ക് മാറുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
നിരവധി അഴിമതികളാണ് പ്രതിപക്ഷം കൊണ്ടു വന്നത്. അതൊന്നും ഒരു വിഷയമേ അല്ല എന്നാണ് ഈ സര്‍വ്വേക്കാര്‍ പറയുന്നത്. സാമാന്യമായ വിവേചന ബുദ്ധി പോലും പ്രയോഗിക്കാതെ സമൂഹത്തോട് ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ അത് വല്യ കണ്ടുപിടിത്തമായി വീമ്പു പറയുന്നു. ഇനി വരാന്‍ പോകുന്ന സര്‍വ്വേകളും ഇതേ ചുവടു വച്ച് തന്നെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഉപകാര സ്മരണ നിലനില്‍ക്കുന്നിടത്തോളം അതുതന്നെയാകും ഉണ്ടാകാന്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫിന് ഈ സര്‍വ്വേകളില്‍ വിശ്വാസമില്ല. ജനങ്ങളുടെ സര്‍വ്വേയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങള്‍ പറയുന്നു. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് പറഞ്ഞ് നിങ്ങളെ ആക്രമിക്കാത്തത് കൊണ്ടാണോ, നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയാത്തത് കൊണ്ടാണോ, ഞങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തത് കൊണ്ടാണോ പരിഗണന ലഭിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.