വാരിയെല്ലും നെഞ്ചിലെ എല്ലും പൊട്ടി, തലയ്ക്ക് ക്ഷതം: റിമാൻഡിൽ മരിച്ച പ്രതിക്കേറ്റത് ക്രൂരമർദ്ദനം

വാരിയെല്ലും നെഞ്ചിലെ എല്ലും പൊട്ടി, തലയ്ക്ക് ക്ഷതം: റിമാൻഡിൽ മരിച്ച പ്രതിക്കേറ്റത് ക്രൂരമർദ്ദനം

തൃശ്ശൂർ: കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഷെമീര്‍ റിമാൻഡിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാൽപ്പതിലേറെ മുറിവുകളും മരണകാരണമായെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് സെന്‍ററിൽ വെച്ച് ഷെമീറിന് മർദ്ദനമേറ്റതായി ഭാര്യയും ഇതേ കേസിലെ പ്രതിയുമായ ഭാര്യയും മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.

കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടുന്നത്.റിമാൻഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. സെപ്തംബര്‍ 30-ന് ഷെമീറിനെ അപസ്മാരബാധയെ തുടര്‍ന്ന് തൃശ്ശൂർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ വെച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവേ ജയില്‍ ജീവനക്കാർ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. 

അന്നു തന്നെ കൊവിഡ് സെന്‍ററിലേക്ക് തിരികെ കൊണ്ടു വന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാര്‍ഡിലേക്കാണ് മാറ്റിയത്.എന്നാല്‍ പിറ്റേ ദിവസം പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. വടി കൊണ്ട് അടിച്ചതെന്നാണ് സൂചന. ഷെമീറിന്‍റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ 40-ലേറെ മുറിവുകളുണ്ട്. ദേഹം മുഴുവൻ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്.ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരികെയെത്തിച്ച ശേഷം കൊവിഡ് സെന്‍ററിൽ വെച്ച് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. കൊവിഡ് സെന്‍ററിലെ ജയില്‍ ജീവനക്കാര്‍ക്ക് എതിരെ ഇതിനു മുമ്പും ഒട്ടേറെ പരാതികളുയര്‍ന്നിരുന്നതാണ്. അന്നൊന്നും ഇതിൽ ഒരു നടപടിയുമുണ്ടായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.