ഇത് സിപിഎമ്മിന്റെ 'കിഫ്ബി' സര്‍വ്വേ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: ചെന്നിത്തല

 ഇത് സിപിഎമ്മിന്റെ 'കിഫ്ബി' സര്‍വ്വേ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: ചെന്നിത്തല

കാസര്‍കോട്: ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ സര്‍വ്വേ നടത്തി അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സര്‍വ്വേയാണ്.

200 കോടിയുടെ രൂപയുടെ പരസ്യമാണ് സര്‍ക്കാരിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റേ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നു ഇതാണ് നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിയും പ്രകടന പത്രികയും വരുന്നതന് മുമ്പ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വ്വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാനാണ് ശ്രമം. സര്‍ക്കാരിന്റെ പണക്കൊഴിപ്പിനെ മാത്രമല്ല ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഫിന് നേരിടേണ്ടി വരുന്നു.

വന്ന എല്ലാ സര്‍വ്വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ സര്‍ക്കാരിന് ഒരു റേറ്റിംഗുമില്ല. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. ബോധപൂര്‍വം യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ഈ സര്‍വേകളെ തങ്ങള്‍ തള്ളിക്കളയുകയാണന്നും ചെന്നിത്തല പറഞ്ഞു.

എകിസ്റ്റ് പോളുകള്‍ അല്ലാത്ത സര്‍വ്വേകള്‍ നിരോധിക്കാന്‍ പറ്റില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഇത് ഏതാണ്ട് ഒരു എകിസിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലം തോറും സര്‍വേ നടത്തിയാല്‍ എക്സിറ്റ് പോളല്ലാതെ മറ്റെന്താണെന്ന് ചോദിച്ച ചെന്നിത്തല കന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കുമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.