കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ  നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കിടെ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ ഉമ്മന്‍ ചാണ്ടി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ട്രെയിനില്‍ സഹയാത്രികരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേര്‍ക്ക് ആക്രമണം നടത്തിയത്. സഭാ വസ്ത്രം ധരിച്ച രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്യാസിനിയാകാന്‍ പഠനം നടത്തുന്ന രണ്ടു പേരെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്നായിരുന്നു അവരുടെ ആരോപണം.

വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികള്‍ക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഇതിനിടെ, യുഎപിഎ പ്രകാരം ജയിലിലടച്ച ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ ജയില്‍മോചനം നീളുകയാണ്. പാര്‍ക്കിന്‍സന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ വലയുന്ന 83 വയസുള്ള ഫാ. സ്റ്റാന്‍ സ്വാമി അറ് മാസമായി ജയിലിലാണ്.

ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.