കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം: ഹൈക്കോടതി

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം: ഹൈക്കോടതി

കൊച്ചി: കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പോലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇത്തരം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം അപേക്ഷകന് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ ക്രമക്കേടിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും പേരില്‍ അന്വേഷണത്തിനൊടുവില്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കപ്പെട്ട പോലീസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കണം.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മുപ്പതുദിവസത്തിനകം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി. എന്നാല്‍, പോലീസുദ്യോഗസ്ഥന്റെ പേരിലെ ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ വിവരം നല്‍കേണ്ടതില്ല. കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പാകുംവരെയും പേരും പദവിയും മറ്റും വിവരാവകാശ അപേക്ഷകന് നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരായ പോലീസുദ്യോഗസ്ഥരുടെ വിവരം നല്‍കാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ വിവരാവകാശ പൊതു അധികാരിയും അപ്പീല്‍ അധികാരിയും ചേര്‍ന്ന് നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിധി. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ ആര്‍.രാധാകൃഷ്ണനാണ് പോലീസുദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്. കുറ്റക്കാരനെന്ന് തെളിഞ്ഞവരുടെ വിവരങ്ങള്‍ നല്‍കാനായിരുന്നു രാധാകൃഷ്ണന്റെ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.