പറക്കാനാഗ്രഹിച്ച ഒൻപതു വയസുകാരൻ; വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുലിന്റെ സ്‌നേഹസമ്മാനം

പറക്കാനാഗ്രഹിച്ച ഒൻപതു വയസുകാരൻ; വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുലിന്റെ  സ്‌നേഹസമ്മാനം

കണ്ണൂര്‍:  ഇംഗ്ലിഷിലും ഹിന്ദിയിലും സംസാരിച്ച്‌ വിസ്മയഭരിതനാക്കിയ ഒൻപത് വയസുകാരന്റെ പൈലറ്റ് ആകണമെന്ന ആഗ്രഹത്തിന് രാഹുല്‍ഗാന്ധിയുടെ സ്‌നേഹസമ്മാനം. ഇരിട്ടിയില്‍ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ അപ്‌സര കഫേ 1980 ല്‍ കയറിയപ്പോഴാണ് അദ്വൈത് സുമേഷ് എന്ന ഒന്‍പത് വയസുകാരന്‍ രാഹുല്‍ ഗാന്ധിയുടെ മനസ് കീഴടക്കിയത്.

കീഴൂര്‍ക്കുന്നിലെ ബേകറിയില്‍ ചായ കുടിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി പരിചയപ്പെട്ട അദ്വൈത് സുമേഷിനോട്‌ സംസാരത്തിനിടയില്‍ ആരാകാനാണ് ആഗ്രഹം എന്ന് രാഹുല്‍ ആരാഞ്ഞപ്പോള്‍ പൈലറ്റ് എന്നായിരുന്നു അദ്വൈതിന്റെ മറുപടി. ഹെലികോപ്ടര്‍ കണ്ടിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അദ്വൈത്. അടുത്തുനിന്ന് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി. ഉടന്‍ താന്‍ വന്ന കോപ്ടറിലേക്ക് കൂടെ വരാന്‍ രാഹുല്‍ അദ്വൈതിനോടു പറഞ്ഞു.


അതേസമയം പുറത്തെ ജനത്തിരക്കിനിടയില്‍ അദ്വൈതും പിതാവും പുറത്തേക്കിറങ്ങിയപ്പോള്‍ രാഹുലിന്റെ കൂടെ കൂടാനായില്ല. എന്നാല്‍ രാഹുല്‍ അദ്വൈതിനെ വിടാന്‍ തയാറല്ലായിരുന്നു. തടുര്‍ന്ന് സണ്ണി ജോസഫിനോട് അദ്വൈതിനെ കണ്ടെത്തി വിവരം തരാന്‍ പറഞ്ഞു. 24 മണിക്കൂറിനകം ആ ഒന്‍പത് വയസുകാരന്‍ വിമാനത്തിന്റെ കോക്പിറ്റിലെത്തിച്ച്‌ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായി ഞെട്ടിച്ചു.

രാഹുല്‍ തന്റെ ട്വിറ്ററില്‍ അദ്വൈതിനൊപ്പമുള്ള ചിത്രം സഹിതം കുറിച്ചു. 'അദ്വൈത് സുമേഷ് പറയുന്നു. എനിക്ക് പറക്കണം. എനിക്കും കോണ്‍ഗ്രസിനും യുഡിഎഫിനും ഉറപ്പു കൊടുക്കാനുള്ളത്, ഇന്ത്യയിലേയും കേരളത്തിലേയും ഒരോ കുട്ടിക്കും അത് സാധ്യമാകണം എന്നാണ്. ഒരു സ്വപ്നവും ഒര അസാധ്യമല്ല. ഓരോ കുട്ടിക്കും അവര്‍ ആഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് പറക്കാനുള്ള അവസരങ്ങള്‍ ഉറപ്പു വരുത്തുകയാണ് നമ്മുടെ ലക്ഷ്യം.'

കീഴൂർക്കുന്ന് പാലാപ്പറമ്പിൽ താമസിക്കുന്ന കൂത്തുപറമ്പ് ഗവ. ഹൈസ്കൂൾ അധ്യാപകൻ സുമേഷ് കുമാറിന്റെയും കണ്ണൂർ സർവകലാശാല ജീവനക്കാരി എ.സുവർണയുടെയും മകനാണ് കീഴൂർക്കുന്ന് എസ്ഡിഎ ഇംഗ്ലിഷ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി അദ്വൈത്. ഈ വിവരം രാഹുൽ ഗാന്ധിക്ക് കൈമാറിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എത്താനായി നിർദേശം. 

മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം കോഴിക്കോട് എത്തിയ ഉടൻ രാഹുലിന്റെ ചാർട്ടേഡ് ഫ്ലൈറ്റിനുള്ളിലേക്ക് അദ്വൈതിനെയും പിതാവ് സുമേഷിനെയും കയറ്റി. കോക്പിറ്റിലുണ്ടായിരുന്ന വനിതാ പൈലറ്റ് വിമാനം പ്രവർത്തിക്കുന്ന വിധം വിവരിച്ചു നൽകി. തിരുവനന്തപുരത്തേക്കു വരുന്നോയെന്ന് രാഹുൽ തിരക്കിയെങ്കിലും മാതാപിതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ ഇവർ കോഴിക്കോട് നിന്ന് മടങ്ങി. സഹായം ആവശ്യം ഉള്ളപ്പോൾ തന്നെ ബന്ധപ്പെടണമെന്നും അദ്വൈതിന് നിർദേശം നൽകി അവരെ രാഹുല്‍ മടക്കി അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.