തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ പി.എസ്.സി സെക്രട്ടറി റിപ്പോര്‍ട്ട് തേടി. പരീക്ഷാ വിഭാഗത്തോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
3900-ലധികം പേര്‍ എഴുതിയ കെ.എ.എസ് വിവരണാത്മക പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഡിജിറ്റല്‍ കോപ്പിയാണ് പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായത്. ഉത്തരക്കടലാസ് പി.എസ്.സി ആസ്ഥാനത്ത് സൂക്ഷിച്ച ശേഷം വിഷയാടിസ്ഥാനത്തില്‍ സ്‌കാന്‍ ചെയ്ത് മൂല്യനിര്‍ണയത്തിനായി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ പതിപ്പ് എടുക്കാറുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിന് സമീപത്തെ സംസ്ഥാന ഡാറ്റ സെന്ററിലെ പി.എസ്.സിയുടെ എട്ട് സര്‍വറുകളിലാണ് ഇവ സൂക്ഷിക്കാറുള്ളത്. കര്‍ശനമായ നടപടിക്രമങ്ങളിലൂടെയാണ് സര്‍വറുകളിലേക്ക് ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യാറുള്ളത്.
എന്നാല്‍, കെ.എ.എസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പി.എസ്.സി സര്‍വറുകളില്‍ സൂക്ഷിക്കാതെ പരീക്ഷാവിഭാഗം അഡീഷണല്‍ സെക്രട്ടറിയുടെ കീഴിലെ സര്‍വറിലാണ് സൂക്ഷിച്ചത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു. കെ.എ.എസ് പരീക്ഷയില്‍ പ്രതീക്ഷിച്ചതിലും വളരെ കുറവ് മാര്‍ക്ക് ലഭിച്ച നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ വിവരാവകാശ പ്രകാരം ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് സര്‍വറില്‍ നിന്ന് ഡാറ്റ ഡാറ്റ പൂര്‍ണമായും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.