ആദ്യ രണ്ടര മണിക്കൂറില്‍ 14.5 % പോളിങ്; പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു

ആദ്യ രണ്ടര മണിക്കൂറില്‍ 14.5 % പോളിങ്; പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 14.5 ശതമാനത്തിലധികം പേര്‍ ബൂത്തിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് കാണുന്നത്. അതേസമയം, പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കെ.സുകുമാരന്‍ നായര്‍, മുസ്ലീം നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, കടകംപിള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, പ്രമുഖ സ്ഥാനാര്‍ത്ഥികളായ ഇ.ശ്രീധരന്‍, കെ.മുരളീധരന്‍, ജോസ് കെ മാണി, മാണി സി കാപ്പന്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഇതിനിടെ ചിലയിടങ്ങളില്‍ ചെറിയ അക്രമ സംഭവങ്ങളും അരങ്ങേറി.കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് സ്ഥാനാര്‍ഥിയും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. കാറില്‍ മണ്ണെണ്ണയുമായി ഷിജു വര്‍ഗീസ് വന്നത് കണ്ടെത്തി. ഷിജു പൊലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ ഷിജു കസ്റ്റഡിയില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കുണ്ടറ സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് പരാതിയുമായി കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഷിജുവിന്റെ പരാതി.

തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.പി ജോസഫിന്റെ പോളിങ് ഏജന്റിന് മര്‍ദനമേറ്റു. വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 127ാം ബൂത്തില്‍ പോളിങ് ഏജന്റായ ജയിംസ് മാരൂരിനാണ് മര്‍ദനമേറ്റത്. മോക് പോളിങ്ങിനിടയില്‍ ഒരു സംഘം ആളുകള്‍ ബൂത്തില്‍ കയറി ആക്രമിച്ച് കയ്യിലുണ്ടായിരുന്ന ഫോണ്‍ തട്ടിയെടുത്തു എന്നാണ് പരാതി. ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയമസഭയിലേക്കുള്ള 140 നിയോജക മണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാം തവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.