ഖജനാവ് കൊള്ളയടിച്ചു: രാഷ്ട്രീയക്കേസുകള്‍ക്ക് വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ നല്‍കിയത് 17.87 കോടി

ഖജനാവ് കൊള്ളയടിച്ചു: രാഷ്ട്രീയക്കേസുകള്‍ക്ക് വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ നല്‍കിയത് 17.87 കോടി

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പേരിലുള്ള കോടതികളിലെ നിയമപോരാട്ടത്തിന് പിണറായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വക്കീല്‍ ഫീസായി ഇക്കഴിഞ്ഞ മാര്‍ച്ച് നാലുവരെ ചെലവഴിച്ചത് 17,86,89,823 രൂപ. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താന്‍ പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കു നല്‍കിയ തുക മാത്രമാണിത്.

ലൈഫ് മിഷന്‍ കേസ്, ഇ.ഡിക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത കേസ്, ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകളിലും സര്‍ക്കാരിനായി സുപ്രീം കോടതി അഭിഭാഷകരാണ് ഹാജരായത്. ഇവര്‍ക്കു നല്‍കിയ തുക ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള 137 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടുന്നത്. അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശമ്പളം നല്‍കാന്‍ മാസം 1.54 കോടിയാണു ചെലവഴിക്കുന്നത്.

സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം നല്‍കുന്നതിനെതിരായ കേസ് നടത്താന്‍ 19 ലക്ഷം, ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 20.90 ലക്ഷം, പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 8.25 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചു.

ഹൈക്കോടതിയില്‍ കേസ് വാദിക്കാനായി കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ 25.55 ലക്ഷവും താമസ സൗകര്യത്തിനായി 10.57 ലക്ഷവും ചെലവഴിച്ചു. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റും എറണാകുളം സ്വദേശിയുമായ എം.കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ ഏറ്റവുമധികം പണം ചെലവഴിച്ചത്- 1.20 കോടി. സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത് കുമാര്‍ അടക്കമുള്ളവര്‍ ഈ കേസില്‍ സര്‍ക്കാരിനായി ഹാജരായി.

കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിര്‍ക്കാന്‍ സുപ്രീം കോടതിവരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ 98.81 ലക്ഷം രൂപ ചെലവഴിച്ചു. ഖജനാവില്‍നിന്ന് വന്‍ തുക ചെലവിട്ട് കേസ് നടത്തിയതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും അത്ര പിന്നിലല്ല. 12,17,51,220 രൂപയാണ് വിവിധ കേസുകള്‍ക്കായി അവര്‍ ചെലവഴിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.