കുരങ്ങിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ജീവിയെ ഐതിഹ്യങ്ങളിലും സിനിമകളിലും നാം കണ്ടിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലുണ്ട് കൈറണ്‍ എന്ന അശ്വമനുഷ്യന്റെ കഥ. കെട്ടുകഥകളിലെ ഈ വിചിത്ര ജീവികള്‍ യാഥാര്‍ഥ്യമാകുന്ന കാലം വിദൂരമല്ലെന്നാണോ ലോകത്ത് നടക്കുന്ന ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്? കാലിഫോര്‍ണിയയില്‍ മനുഷ്യകോശം കുരങ്ങന്റെ ഭ്രൂണത്തില്‍ കുത്തിവച്ച് നടത്തിയ പരീക്ഷണം വിജയിച്ചതാണ് ശാസ്ത്രലോകത്തെ പുതിയ ചര്‍ച്ചാവിഷയം. സ്വാഭാവിക പ്രത്യുല്‍പ്പാദന വ്യവസ്ഥയെ വെല്ലുവിളിച്ചുള്ള പരീക്ഷണത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ ധാര്‍മ്മികതയ്‌ക്കെതിരാണെന്ന് ശാസ്ത്രജ്ഞര്‍ പോലും വിലയിരുത്തുന്നു.
എന്താണ് മനുഷ്യ-കുരങ്ങ് ചിമേറ?
കാലിഫോര്‍ണിയയിലെ ലാ ജൊല്ല പ്രദേശത്തുള്ള സാള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസിലെ ലബോറട്ടിയില്‍ യുഎസ്-ചൈനീസ് ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പരീക്ഷണത്തിന്റെ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. മക്കക് ഇനത്തിലുള്ള കുരങ്ങന്റെ ഭ്രൂണങ്ങളിലേക്കാണ് മനുഷ്യന്റെ മൂലകോശങ്ങള്‍ (സ്‌റ്റെം സെല്‍) ഒരു സംഘം ഗവേഷകര്‍ കുത്തിവച്ചത്. മനുഷ്യന്റെയും കുരങ്ങന്റെയും കോശങ്ങള്‍ വിഭജിച്ച് വളരുന്നതായി ഗവേഷകര്‍ കണ്ടെത്തി. ബീജസങ്കലനത്തിനുശേഷം മൂന്ന് ഭ്രൂണങ്ങള്‍ 19 ദിവസം വരെ വളര്‍ന്നു. ഇത്തരം മനുഷ്യ-മൃഗ സങ്കരയിനത്തെ ജനിതക ചിമേറകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്
. ഒന്നിലധികം വ്യക്തികളില്‍നിന്നുള്ള ജീനുകളുള്ള ഒരു ജീവിയെ വിവരിക്കാന്‍ പുരാണ ഇതിഹാസങ്ങളില്‍ സൂചിപ്പിക്കുന്ന പദമാണ് ചിമേറ എന്ന വാക്ക്. മുന്‍കാലങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യ കോശങ്ങള്‍ ആടിന്റെയും പന്നിയുടെയും ഭ്രൂണത്തില്‍ കുത്തിവച്ചായിരുന്നു പരീക്ഷണം.
ഒരുങ്ങുന്നുവോ മനുഷ്യാവയവ ഫാക്ടറികള്‍?
ബയോളജിസ്റ്റായ ജുവാന്‍ കാര്‍ലോസ് ഇസ്പിസുവ ബെല്‍മോണ്ടെ നേതൃത്വം നല്‍കിയ ഗവേഷണത്തിന്റെ ഫലം ഏപ്രില്‍ 15-നു സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ചിമേറകള്‍ പുതിയ അവസരങ്ങള്‍ തുറന്നുതരുന്നുവെന്നാണ് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മനുഷ്യന്റെ മൂലകോശങ്ങള്‍ മറ്റ് മൃഗങ്ങളുടെ ഭ്രൂണങ്ങളിലേക്ക് ചേര്‍ക്കുന്നതിലൂടെ ഹൃദയ, വൃക്ക തകരാറുള്ള രോഗികള്‍ക്കുവേണ്ടി പുതിയ അവയവങ്ങള്‍ വളര്‍ത്താം എന്നതാണ് ഇതിന്റെ നേട്ടം. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായാണ് മനുഷ്യന്റെയും കുരങ്ങിന്റെയും കോശങ്ങള്‍ ചേര്‍ത്ത് ഇത്തരത്തിലുള്ള ഭ്രൂണങ്ങളെ സൃഷ്ടിച്ചത്. മനുഷ്യാവയവ ട്രാന്‍സ്പ്ലാന്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ജീവികളില്‍ മനുഷ്യ കോശങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞരെ ഈ ചിമേറകള്‍ സഹായിക്കും എന്നാണ് പ്രതീക്ഷ.
ലബോറട്ടറികളില്‍ വളരുന്ന പന്നി-മനുഷ്യ ചിമേറകള്‍
വിവിധ ഇനങ്ങളില്‍പെട്ട എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഒരു ഇനത്തില്‍പെട്ട എലിയുടെ ഭ്രൂണത്തില്‍ മറ്റൊരു വര്‍ഗത്തിലുള്ള എലിയുടെ മൂലകോശങ്ങള്‍ കുത്തിവച്ചപ്പോള്‍ അതില്‍നിന്ന് പാന്‍ക്രിയാസ് കോശങ്ങള്‍ വളരുന്നതായി 2017-ല്‍ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അവയവം പ്രമേഹമുള്ള എലികളില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്താല്‍ രോഗം ഇല്ലാതാകും. എന്നാല്‍ പന്നികളെയും മനുഷ്യരെയും പോലുള്ള ജീവിവര്‍ഗങ്ങളില്‍പ്പെട്ട കോശങ്ങളില്‍ ഈ പരീക്ഷണം ഫലപ്രാപ്തി എത്തിയിട്ടില്ല.
അതേ വര്‍ഷം തന്നെ ബയോളജിസ്റ്റ് ജുവാന്‍ കാര്‍ലോസും സഹപ്രവര്‍ത്തകരും പന്നിയുടെ ഭ്രൂണങ്ങളിലേക്ക് മനുഷ്യകോശങ്ങള്‍ കുത്തിവച്ചു ഗവേഷണം നടത്തി. 3 മുതല്‍ 4 ആഴ്ച വരെ ഗര്‍ഭിണികളായ അമ്മ പന്നികളിലെ ഭ്രൂണങ്ങളുടെ വളര്‍ച്ച നിരീക്ഷിച്ചപ്പോള്‍, ഒരു ലക്ഷം കോശങ്ങളില്‍ ഒരു ശതമാനം മനുഷ്യ കോശങ്ങള്‍ മാത്രമേ വികാസംപ്രാപിച്ചുള്ളു.
പന്നികളില്‍ പഠനം നടത്തുന്നതിന്റെ ഭാഗമായി മനുഷ്യ ചര്‍മ്മകോശങ്ങളെ സ്റ്റെം സെല്ലുകളായി പുനര്‍നിര്‍മ്മിച്ചു. ഇത്തരം എക്‌സ്റ്റെന്‍ഡഡ് പ്ലൂറിപോറ്റന്റ് സ്റ്റെം (ഇപിഎസ്) സെല്ലുകള്‍ക്ക് വൈവിധ്യമാര്‍ന്ന ടിഷ്യൂകള്‍ സൃഷ്ടിക്കാന്‍ കഴിയും. പുതിയ പഠനത്തില്‍ കുന്‍മിംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ശാത്രജ്ഞ വെയ്ജിജിയും സംഘവും കൂടുതല്‍ കഴിവുള്ള കോശങ്ങളെ മനുഷ്യനുമായി അടുത്ത ബന്ധുമുള്ള സിനോമോല്‍ഗസ് കുരങ്ങുകളില്‍ പരീക്ഷിച്ചു. 132 കുരങ്ങുകളുടെ ഭ്രൂണങ്ങളില്‍ ഓരോന്നിലും 25 മനുഷ്യ ഇപിഎസ് സെല്ലുകള്‍ ചേര്‍ത്തു. 20 ദിവസം വരെ ചിമേറകള്‍ വളര്‍ന്നു. 13 ദിവസത്തിനുശേഷം, മനുഷ്യ കോശങ്ങള്‍ മൂന്നിലൊന്ന് ചിമേറകളില്‍ വളരുന്നതായി കണ്ടെത്തി. മനുഷ്യകോശങ്ങള്‍ കുരങ്ങന്റെ കോശങ്ങളുമായി സമന്വയിക്കുന്നതായി കാണപ്പെടുകയും വിവിധ അവയവങ്ങളായി വികസിക്കുന്ന സെല്‍ തരങ്ങളിലേക്ക് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഭ്രൂണങ്ങള്‍ കൂടുതല്‍ വികസിക്കുന്ന ഘട്ടത്തില്‍, മനുഷ്യകോശങ്ങള്‍ തഴച്ചുവളരുന്നത് തടയുന്ന എന്തെങ്കിലും ഘടകമുണ്ടോ എന്നും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്.
പരീക്ഷണത്തിന്റെ ധാര്‍മികത; ഗവേഷകര്‍ പറയുന്നത്
ചിമേറ പരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം ശക്തമാവുകയാണ്. ആദിമ മനുഷ്യത്തിന്റെ പരിണാമ വഴികള്‍ മനസിലാക്കാനും മരുന്നുകളുടെ പരീക്ഷണത്തിനും മനുഷ്യ അവയവങ്ങള്‍ വികസിപ്പിക്കാനും പരീക്ഷണം പ്രയോജനപ്പെടുമെന്ന് അനുകൂലിക്കുന്ന ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് നേരിടുന്ന ക്ഷാമത്തിന് ഈ ഗവേഷണം പ്രതീക്ഷയേകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പാതി മനുഷ്യനും പാതി മൃഗവുമായ ജീവികളെ സൃഷ്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.
ഇത്തരം പരീക്ഷണങ്ങള്‍ ധാര്‍മ്മികവും നിയമപരവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ നോര്‍വിച്ച് മെഡിക്കല്‍ സ്‌കൂളിലെ ബയോമെഡിക്കല്‍ എത്തിക്സിന്റെ ലക്ചററും ഗവേഷകയുമായ ഡോ. അന്ന സ്മാജ്ദോര്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ നടന്ന ഗവേഷണത്തില്‍ ഭ്രൂണങ്ങള്‍ 19 ദിവസമാണു ജീവിച്ചത്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ചിലരെയെങ്കിലും ഈ അറിവുകള്‍ പ്രേരിപ്പിക്കും. ഈ സൃഷികള്‍ മനുഷ്യനാണോ മൃഗമാണോ എന്ന ചോദ്യം അവശേഷിക്കുകയാണെന്ന് ഡോ. അന്ന സ്മാജ്ദോര്‍ പറഞ്ഞു.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, എന്‍ജിനീയറിംഗ്, മെഡിസിന്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മനുഷ്യ-മങ്കി ചിമേറകള്‍ ആശങ്ക സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു: മനുഷ്യ നാഡീകോശങ്ങള്‍ മൃഗങ്ങളുടെ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോള്‍ അവയുടെ മാനസിക കഴിവുകളില്‍ മാറ്റം വരുമെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. അതേസമയം ഇപ്പോള്‍ ലാബുകളിലുള്ള ചിമേറകളെ സംബന്ധിച്ച് ഈ ആശങ്ക അപ്രധാനമാണ്, കാരണം അവയ്ക്ക് നാഡീവ്യവസ്ഥ ഇല്ല. വേദനയോ എന്തെങ്കിലും തരത്തിലുള്ള വികാരങ്ങളോ അനുഭവിക്കാനും കഴിയില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബയോ എത്തിസിസ്റ്റ് കാട്രിയന്‍ ഡെവോള്‍ഡര്‍ പറയുന്നു.
ഒരു ജീവി വര്‍ഗത്തിന്റെ സ്റ്റെം സെല്ലുകള്‍ക്ക് മറ്റൊരു ജീവിവര്‍ഗത്തിന്റെ ഭ്രൂണവുമായി ചേര്‍ന്ന് വളരാന്‍ സാധിക്കുന്നത് സുപ്രധാന കണ്ടുപിടിത്തമായി മിനസോട്ട സര്‍വകലാശാലയിലെ സ്റ്റെം സെല്‍ ബയോളജിസ്റ്റ് ഡാനിയല്‍ ഗാരി അഭിപ്രായപ്പെടുന്നു.
നിലപാടുമായി കത്തോലിക്ക സഭ
മനുഷ്യകോശങ്ങള്‍ ഗവേഷണത്തിനായി ഉപയോഗിക്കുന്നതിനെ കത്തോലിക്ക സഭ എതിര്‍ക്കുന്നു. മൂല്യങ്ങള്‍ തകരുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ക്ലിനിക്കല്‍, ഗവേഷണങ്ങളില്‍ മനുഷ്യനെ ചൂഷണം ചെയ്യന്ന അവസ്ഥ പ്രോത്സാഹിപ്പിക്കരുത്. ബീജ-അണ്ഡ സങ്കലനം മുതല്‍ ഭ്രൂണത്തെ കൃത്യമായി നിര്‍വചിക്കപ്പെട്ട, വ്യക്തിത്വമുള്ള മനുഷ്യനായാണ് സഭ വിശേഷിപ്പിക്കുന്നതെന്നു പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് പറയുന്നു. ഒരു മനുഷ്യന് ജീവിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിനാല്‍ ഭ്രൂണത്തിന്റെ സ്വാഭാവിക നിലനില്‍പിനെ അപകടപ്പെടുത്തുന്ന എല്ലാ ഇടപെടലുകളും എതിര്‍ക്കപ്പെടേണ്ടതാണെന്നും പൊന്തിഫിക്കല്‍ അക്കാദമി പറയുന്നു.
ഏതൊരു സൃഷ്ടിക്കെതിരേയുമുള്ള ക്രൂരത മനുഷ്യന്റെ അന്തസിന് വിരുദ്ധമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിഷയം വളരെ സൂക്ഷമമായാണ് വത്തിക്കാന്‍ നിരീക്ഷിക്കുന്നത്. ധാര്‍മ്മിക കാഴ്ചപ്പാടില്‍, ഇത്തരം പരീക്ഷണങ്ങളെ മനുഷ്യന്റെ അന്തസിന് എതിരായ പ്രവര്‍ത്തനമായി സഭ കരുതുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും ജനിതക കോശങ്ങളുടെ മിശ്രിതം മനുഷ്യന്റെ സ്വത്വത്തെ തകര്‍ക്കാന്‍ പ്രാപ്തമാണ്.
അനുകൂലിക്കാതെ അമേരിക്ക
അമേരിക്കയില്‍, മനുഷ്യന്റെ മൂലകോശങ്ങള്‍ അടങ്ങിയ മനുഷ്യേതര പ്രൈമേറ്റ് ഭ്രൂണങ്ങള്‍ ഉള്‍പ്പെടെ ചിലതരം ചിമേറകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഗവേഷണത്തിനുള്ള ധന സഹായം ഉപയോഗപ്പെടുത്താനാവില്ല. ഇത്തരം പരീക്ഷണങ്ങള്‍ ചൈനയില്‍ നടത്തുന്നതിന് ചൈനീസ് സര്‍ക്കാരും സ്പാനിഷ് സര്‍വ്വകലാശാലയും യുഎസ് ഫൗണ്ടേഷനും ധനസഹായം നല്‍കുന്നുണ്ട്. പരീക്ഷണങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഇത്തരം ചിമേറകള്‍ ഒരുപക്ഷേ മനുഷ്യകുലത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്നതായിത്തീരാം. പുരാണങ്ങളില്‍ കാണുന്ന തലയും ഉടലും രണ്ടു ജീവികളുടെതായ പുതിയ ജീവിവര്‍ഗം തന്നെ ഉണ്ടായേക്കാം. ദൈവം നല്‍കിയ സ്വാഭാവിക പ്രത്യുല്‍പ്പാദന വ്യവസ്ഥ എന്നത് വെറും കെട്ടുകഥയാകുന്ന കാലം വിദൂരമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.