• Sun Jan 05 2025

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഓക്‌സിജന്‍ ലഭ്യതയും പ്രതിസന്ധിയില്‍

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഓക്‌സിജന്‍ ലഭ്യതയും പ്രതിസന്ധിയില്‍

കോട്ടയം: എറണാകുളത്തിന് പിന്നാലെ സമീപ ജില്ലയായ കോട്ടയത്തും കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതോടെയാണ് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് ജില്ലാ ഭരണകൂടം.

വാക്‌സിന്‍ ക്ഷാമവും രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും പലര്‍ക്കും രണ്ടാംഘട്ട ഡോസ് ലഭ്യമായിട്ടില്ല. താലൂക്ക് അടിസ്ഥാനത്തില്‍ 35 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ പലര്‍ക്കും ദിവസങ്ങളോളം കാത്തിരുന്നിട്ടും വാക്‌സിന്‍ ലഭിച്ചിട്ടില്ല.

ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെ എത്തിയെങ്കിലും 54 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരക്ക് 20ന് മുകളിലാണ്. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ പോസിറ്റിവിറ്റി നിരക്ക് 56 ലേക്ക് ഉയര്‍ന്നു. മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം പഞ്ചായത്തുകളില്‍ 40ന് മുകളിലാണ്.

രോഗികളെ പരിചരിക്കാന്‍ ഏഴ് കേന്ദ്രങ്ങള്‍ കൂടി പുതിയതായി തുറന്നു. ജില്ലയിലെ രണ്ട് കോവിഡ് ആശുപത്രികളില്‍ 120 കിടക്കകളും സ്വകാര്യ ആശുപത്രിയില്‍ 60 കിടക്കകളുമാണ് ഒഴിവുള്ളത്. സിഎഫ്എല്‍ടിസി ഉള്‍പ്പെടെയുള്ള പരിചരണ കേന്ദ്രങ്ങളില്‍ 1600 കിടക്കകളും ഒഴിവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. അതേസമയം, ജില്ലയിലെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

കോവിഡ് പോസിറ്റീവായ കൂടുതല്‍ പേരെ പ്രവേശിപ്പിച്ചതോടെ പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളില്‍നിന്നു കൂടുതല്‍ സിലിണ്ടറുകള്‍ എത്തിച്ചാണു പ്രശ്‌നം പരിഹരിച്ചത്. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയില്‍നിന്നു നാല് സിലിണ്ടറും പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍നിന്നു രണ്ട് സിലിണ്ടറും എത്തിച്ചു. ഇതിനു പുറമേ മാര്‍ സ്ലീവാ ആശുപത്രിയില്‍നിന്ന് അഞ്ച് സിലിണ്ടറും ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍നിന്നായി ഏഴ് സിലിണ്ടറും ഉടന്‍ ലഭ്യമാക്കി.

ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ച 105 കിടക്കകളും ഇന്നലെ നിറഞ്ഞതോടെയാണു കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വന്നത്. ജനറല്‍ ആശുപത്രിയില്‍ ഒരു ദിവസം 240 സിലിണ്ടര്‍ ഓക്‌സിജന്‍ ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. ഇവിടെ 62 സിലിണ്ടറുകള്‍ മാത്രമാണ് ഉള്ളത്. സിലിണ്ടര്‍ നിറയ്ക്കുന്നതിന് തൃശൂര്‍ വരെ പോകേണ്ടി വരുന്നതാണ് താമസത്തിനു കാരണം. തൃശൂര്‍ വരെ വാഹനം പോയി വരുന്നതിന് 6 മണിക്കൂറെടുക്കും. സിലിണ്ടര്‍ നിറച്ചു കിട്ടാനുള്ള താമസം കൂടിയാകുമ്പോള്‍ ദുരിതം ഇരട്ടിയാക്കുന്നു.

എറണാകുളത്തുനിന്ന് 42 സിലിണ്ടര്‍ കൂടി ഇന്നലെ എത്തിച്ചെങ്കിലും പ്രതിസന്ധിയുണ്ട്. സ്വകാര്യ ആശുപത്രികളില്‍നിന്നു വാങ്ങിയ സിലിണ്ടറുകള്‍ തിരികെ നല്‍കണം. കൂടുതല്‍ സിലിണ്ടര്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി പാലാ നഗരസഭാധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, സ്ഥിര സമിതി അധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്റിനായി ശുപാര്‍ശ ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതര്‍ കൈമാറി.

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഉഴവൂര്‍ ഗവ. ആശുപത്രിയിലും ഓക്‌സിജന്‍ ക്ഷാമമുണ്ട്. എന്നാല്‍ രോഗികളുടെ ആരോഗ്യ നിലയെ ബാധിച്ചിട്ടില്ല. എല്ലാ ദിവസവും ഓക്‌സിജന്‍ എത്തുന്നുണ്ടെങ്കിലും സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്തതാണു പ്രശ്‌നം. കോട്ടയം മെഡിക്കല്‍ കോളജിലും മറ്റിടങ്ങളിലും നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.