ഒറ്റയ്ക്ക് ദിവ്യബലി അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

ഒറ്റയ്ക്ക് ദിവ്യബലി അര്‍പ്പിച്ച  വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

കോട്ടയം: കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാതെ ഒറ്റയ്ക്ക് ദിവ്യബലി അര്‍പ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഏറ്റുമാനൂര്‍ പൊലീസിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു.

സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിച്ചാണ് ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇതിനിടെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ അസാധാരണ നടപടി വിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്.

ഇന്നു രാവിലെ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഏറ്റുമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോള്‍ വൈദികന്‍ തനിച്ച് വിശുദ്ധ ബലി അര്‍പ്പിക്കുകയാണന്ന് ദേവാലയ ശുശ്രൂഷി വ്യക്തമാക്കി. പള്ളിയില്‍ ഇപ്പോള്‍ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്ന് ചോദിച്ച സിഐ വൈദികന്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

പള്ളി അധികൃതര്‍ പിന്നീട് ഉന്നത പൊലീസ് അധികാരികളുമായി ബന്ധപ്പെട്ടതിനു ശേഷമാണ് ഏറ്റുമാനൂര്‍ പൊലീസ് നടപടിയില്‍ നിന്നും പിന്‍മാറിയത്. തികച്ചും നിയമാനുസൃതമായി കുര്‍ബാന അര്‍പ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച നടപടി മത സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കാന്‍ പള്ളി അധികൃതര്‍ തീരുമാനിച്ചു.

സംഭവത്തില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി, സിപിഎം നേതാവ് വി.എന്‍ വാസവന്‍, കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.