'മേരി റിവര്‍ ടര്‍ട്ടില്‍'... പച്ച കിരീടം ചൂടിയ ഓസ്ട്രേലിയന്‍ ആമ

'മേരി റിവര്‍ ടര്‍ട്ടില്‍'... പച്ച കിരീടം ചൂടിയ ഓസ്ട്രേലിയന്‍ ആമ

സിഡ്‌നി: ജൈവ വൈവിധ്യത്താല്‍ സമ്പന്നമായൊരു ഓസ്ട്രേലിയന്‍ സംസ്ഥാനമാണ്  ക്വീന്‍സ് ലാന്‍ഡ്.
 പര്‍വതങ്ങളും ദ്വീപുകളും ഒക്കെയായി സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന അത്യപൂര്‍വ കാഴ്ചകളുണ്ട് ക്വീന്‍സ് ലാന്‍ഡില്‍. തലയില്‍ പച്ച കിരീടം ചൂടിയ ആമകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. മേരി റിവര്‍ ടര്‍ട്ടില്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

ക്വീന്‍സ് ലാന്‍ഡിലെ  മേരി നദിയില്‍ മാത്രമെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആമയെ കാണാന്‍ കഴിയു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ആമയാണിത്. ചുവപ്പ്, ബ്രൗണ്‍, കറുപ്പ് എന്നീ നിറങ്ങളില്‍ മേരി റിവര്‍ ടര്‍ട്ടിലിനെ കാണാന്‍ കഴിയും. വെള്ളത്തിനടിയിലും അന്തരീക്ഷത്തിലും ഇവയ്ക്ക് ഒരുപോലെ ശ്വസിക്കാനാവും. ഇവയുടെ ശ്വസനം നടക്കുന്നത് ജനനേന്ദ്രിയങ്ങളിലൂടെയാണ്. കൂടുതലായും വെള്ളത്തിനടിയിലാണ് ഇവയെ കാണാനാവുക. മുപ്പതുവര്‍ഷം മുമ്പാണ് ഈ ആമകളുടെ പ്രാധാന്യം ശാസ്ത്രലോകം തിരിച്ചറിയുന്നത്.

പച്ച നിറത്തിലുള്ള 'മുടി'യാണ് ഈ ആമകളുടെ പ്രധാന വ്യത്യസ്തതയും ആകര്‍ഷണവും. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പച്ച നിറത്തിലുള്ള കിരീടം ചൂടിയത് പോലെ തോന്നും. ആമകളുടെ തലയിലും തോടിനു മുകളിലും വളരുന്ന പ്രത്യേക തരം ആല്‍ഗകളാണ് ഈ പച്ച കിരീടത്തിനു പിന്നില്‍.

എന്നാല്‍ ഇന്ന് വിരലില്‍ എണ്ണാവുന്നത്ര മേരി ടര്‍ട്ടിലുകള്‍ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ. കച്ചവടത്തിനായി മുട്ടകള്‍ ശേഖരിക്കുന്നതും പ്രായപൂര്‍ത്തിയാവാന്‍ കൂടുതല്‍ സമയം എടുക്കുന്നതുമെല്ലാം ഇവയുടെ വംശനാശത്തിനു കാരണമായി. 25 വയസില്‍ മാത്രമേ ഇവ പ്രജനനത്തിന് തയ്യാറാകൂ.

ഓസ്ട്രേലിയയിലെ പുരാതന കാലത്തെ ആമകളുടെ കൂട്ടത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു ഇനമാണിത്. ഇവയ്ക്ക് 40 ദശലക്ഷം വര്‍ഷത്തിന്റെ പരിണാമ ചരിത്രമുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

1960 കാലഘട്ടത്തില്‍ ഈ ആമകളുടെ കുഞ്ഞുങ്ങളെ പെറ്റ് ഷോപ്പുകളില്‍ വില്‍ക്കുമായിരുന്നു. 'പെന്നി ടര്‍ട്ടില്‍' എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ സ്വാംപ് കടലാമയ്ക്ക് ശേഷം ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന രണ്ടാമത്തെ ആമയാണ് മേരി റിവര്‍ ടര്‍ട്ടില്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.