ലണ്ടൻ: സാൽഫോഡ്, ട്രാഫോഡ്, നോർത്ത് മാഞ്ചസ്റ്റർ, വാറിങ്ടൻ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി നടത്തപ്പെടുന്നു.
ആഗസ്റ്റ് 29 ഞായർ 2:15 ന് സെന്റ് മേരീസ് ചർച്ച് എക്കിൾസിൽ വെച്ച് നടത്തപ്പെടും. ഇവിടുത്തെ സീറോ മലബാർ വിശ്വാസികളുടെ ചിരകാല ആഗ്രഹമാണ് പൂവണിയുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ സാൽഫോഡ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോൺ അർനോൾഡ് പിതാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും.
വികാരി ജനറാൾമാരായ മോൺ. ആന്റണി ചുണ്ടെലിക്കാട്ട്, മോൺ. ജിനോ അരീക്കാട്ട്, മോൺ. സജി മലയിൽ പുത്തൻപുര, മാഞ്ചസ്റ്റർ റീജ്യണൽ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. ജോ മൂലച്ചേരി എന്നിവർ സഹകാർമ്മികരായിരിക്കും.

തിരുനാളിന് ഒരുക്കമായി ആഗസ്റ്റ് 20 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ആഗസ്റ്റ് 27 ന് മിഷൻ കോഡിനേറ്റർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് 29 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, തുടർന്ന് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
മിഷന്റെ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാൻ ട്രസ്റ്റിമാരായ ജാക്സൺ തോമസ് (07403863777), വിൻസ് ജോസഫ് (07877852815), സിബി വേകത്താനം (07903748605), സ്റ്റാനി എമ്മാനുവേൽ (07841071339) എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജെയിംസ് ജോണിന്റെയും (07886733143) നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.