ഇന്ത്യയിലെ നീന്തും ഒട്ടകങ്ങള്‍ വംശനാശ ഭീഷണിയില്‍

ഇന്ത്യയിലെ നീന്തും ഒട്ടകങ്ങള്‍ വംശനാശ ഭീഷണിയില്‍

കച്ച്: ഇന്ത്യയില്‍ കച്ചില്‍ മാത്രമുള്ള മാത്രമുള്ള ഖരായ് വര്‍ഗത്തില്‍പെട്ട നീന്തും ഒട്ടകങ്ങള്‍ വംശനാശ ഭീഷണിയില്‍. മരുഭൂമിയിലെ കൊടുംചൂടില്‍ ജീവിക്കുന്ന ഒട്ടകങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഖരായ് വര്‍ഗത്തിലെ ഒട്ടകങ്ങളുടെ ജീവിതം. ഭക്ഷണം തേടിയുള്ള യാത്രയാണ് ഇവയുടെ പ്രത്യേകത. ഗുജറാത്തിലെ കച്ചില്‍ ഉപ്പിന്റെ അംശമുള്ള ചതുപ്പുനിലങ്ങളില്‍ കാണപ്പെടുന്ന ഇവ കടലിലൂടെ ദീര്‍ഘദൂരം നീന്തിയാണ് മേയാനായി കണ്ടല്‍കാടുകളില്‍ എത്തുന്നത്. കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ കിലോമീറ്ററുകള്‍ നീന്തി യാത്രചെയ്താണ് ഇവ ഭക്ഷിക്കാനുള്ള വക കണ്ടെത്തുന്നത്.
കടലിടുക്കുകളിലെ കണ്ടല്‍ച്ചെടികളാണ് ഇവയുടെ പ്രധാനഭക്ഷണം. ചെറിയ തുരുത്തുകളിലെ കണ്ടല്‍ തിന്നാനായി ഇവ മൂന്നും നാലും കിലോമീറ്റര്‍ കടലില്‍ നീന്തിച്ചെല്ലും.

സാധാരണ ഒട്ടകങ്ങളെക്കാളും വലിയ തലയും തടിച്ച കഴുത്തും ഒതുങ്ങിയ വയറും നീണ്ടുമെലിഞ്ഞ കാലുകളുമാണ് ഇവയ്ക്കുള്ളത്. ഫക്കീറാനി ജാട്ട് വിഭാഗക്കാരാണ് ഇവയെ മേയ്ക്കുന്നത്. ഇന്ന് ഈ ഒട്ടകങ്ങള്‍ വംശനാശത്തിന്റെ വക്കിലാണ്. ഈ പ്രദേശത്തെ ഉപ്പ് നിര്‍മ്മാതാക്കള്‍ ചെയ്യുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ഇവയുടെ മേച്ചില്‍ പുറങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ബി.ബി.സിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.



ഭക്ഷണത്തിനായി കണ്ടല്‍കാടുകളെയാണ് ഇവ ആശ്രയിക്കുന്നത്. വേലിയേറ്റ സമയത്ത് കയറുന്ന വെള്ളത്തെ ഉപ്പ് നിര്‍മ്മാതാക്കള്‍ അനധികൃതമായി പിടിച്ചു നിര്‍ത്തുന്നത് കണ്ടല്‍കാടുകളെ നാശത്തിലേക്ക് നയിച്ചിരിക്കുകയാണ്. വെള്ളം എത്താതെ കണ്ടല്‍ക്കാടുകള്‍ നശിക്കാന്‍ തുടങ്ങിയതോടെ ഇതിനെ ആശ്രയിക്കുന്ന ഒട്ടകങ്ങളും ദുരിതത്തിലായി.

ഒട്ടകങ്ങളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഒരു വലിയ വിഭാഗം തന്നെ ഈ പ്രദേശത്തുണ്ട്. കണ്ടല്‍കാടുകളുടെ നാശം കാരണം ഒട്ടകങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാനായി കിലോമീറ്ററുകളോളം യാത്ര ചെയ്യുകയാണ് ഒട്ടകങ്ങളും അവയെ മേക്കുന്നവരും. ഉപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണില്‍ ഇട്ടിരിക്കുന്ന വൈദ്യുത വയറിലൂടെ ഷോക്കേറ്റും ഭക്ഷണമില്ലാതെയും നിരവധി ഒട്ടകങ്ങള്‍ ചത്തു വീഴുന്നുവെന്നും ഇടയന്‍മാര്‍ പറയുന്നു.

കണ്ടല്‍കാടുകള്‍ സംരക്ഷിക്കുക എന്നതാണ് പ്രദേശവാസികളുടെ സര്‍ക്കാരിനോടുള്ള ആവശ്യം. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ അപൂര്‍വ ഇനമായ ഖരായ് ഒട്ടകങ്ങള്‍ ഓര്‍മ്മയാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.